Share this Article
നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം: കുഞ്ഞിന്‍റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി
വെബ് ടീം
posted on 03-05-2024
1 min read
newborn-baby-dead-body-found-in-panampally-nagar-latest-update-police-charged-murder-against-mother

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. ആരോഗ്യ നില തൃപ്തികരമായ ശേഷം യുവതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്‍റെ തീരുമാനം. യുവതിയുടെ മൊഴി എതിരായാൽ മാത്രം സുഹൃത്തായിരുന്ന ആൾക്കെതിരെ അന്വേഷണം നടത്തും. 

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കൊച്ചി നഗരത്തെയാകെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ശുചീകരണത്തൊഴിലാളികളാണ് നടുറോ‍ഡില്‍ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നവജാത ശിശുവിനെ ആദ്യം കണ്ടത്. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം. ആമസോണിൽ ഉത്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ പൊലീസ് എത്തിയത്. അപ്പോൾ മാത്രമാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യംചെയ്തതിൽ നിന്നാണ് ഏകദേശ ചിത്രം പുറത്തുവന്നത്. ഗർഭിണിയാണെന്ന വിവരം മാതാപിതാക്കളോട് പറ‍ഞ്ഞിരുന്നില്ലെന്നും ഇതുണ്ടാക്കിയ മാനസിക സംഘർഷത്തിലാണ് കൃത്യം ചെയ്തതെന്നുമാണ് യുവതിയുടെ മൊഴി. ഇൻസ്റ്റാംഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് ഗർഭിണിയായത്. വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് മൊഴി. 

പുലർച്ചെ ബാത്ത് റൂമിലാണ് യുവതി പ്രസവിച്ചത്. പരിഭ്രാന്തയായ താൻ കുഞ്ഞിനെ എങ്ങനേയും മറവ് ചെയ്യണം എന്ന ഉദ്ദേശത്തിലാണ് താഴേക്ക് വലിച്ചെറിഞ്ഞത് എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. കൊലപാതക്കകുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റുമാർട്ടം റിപ്പോർട്ട് കൂടി കിട്ടയശേഷമാകും തുടർ നടപടികൾ. 

അതേ സമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണം. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories