മാലിന്യ ചാക്കില്‍ നിന്നും ലഭിച്ച 5 ലക്ഷത്തിന്റെ ഡയമണ്ട് ഉടമയ്ക്ക് തിരിച്ചു നല്കി ഹരിത കര്‍മ്മസേനയിലെ വനിതകള്‍. കൊച്ചി കുമ്പളങ്ങി പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ ഹരിത കര്‍മ്മസേനയിലെ ജെസിയും റീനയുമാണ് നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നത്.
വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനിടെയാണ് രണ്ടു പൊതി കളിലായി നാലര ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് നെക്ലസും, അമ്പതിനായിരം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ 2 കമ്മലുകളും ഇവര്‍ക്ക് ലഭിക്കുന്നത്. ഉടനെ ഇവര്‍ വാര്‍ഡ് മെമ്പര്‍ ലില്ലി റാഫേലിനെ വിവരമറിയിക്കുകയും തുടര്‍ന്ന് മെമ്പറുടെ സാന്നിദ്ധ്യത്തില്‍ ആഭരണങ്ങള്‍ ഉടമയ്ക്ക് തിരികെ നല്കുകയും ചെയ്തു.
വിവരമറിഞ്ഞ് കെജെ മാക്‌സി എം.എല്‍.എയും മുന്‍ കേന്ദ്ര മന്ത്രി കെവി. തോമസും ജെസിയുടേയും റീനയുടേയും വീടുകളിലെത്തി അഭിനന്ദിച്ചു.തികച്ചും മാതൃകപരമായ പ്രവര്‍ത്തിയാണ് ഹരിത കര്‍മ്മ സേനാംഗങ്ങളായ ഇവര്‍ ചെയ്തതെന്ന് കെജെ മാക്‌സി എം.എല്‍.എയും മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസും അഭിപ്രായപ്പെട്ടു.
കെ.ജെ. മാക്‌സി എം.എല്‍.എയും കെ.വി. തോമസും ഇവര്‍ക്ക് നല്‍കിയ പാരിതോഷിക തുകയില്‍ നിന്നും ചെറിയ തുക വയനാട് ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്കുകയും ചെയ്തു. സംഭാവന കെ.ജെ. മാക്‌സി എം.എല്‍.എയെ ഏല്‍പ്പിച്ചു.
ഇത്തരം അഭിനന്ദനങ്ങള്‍ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഞങ്ങളെ പോലെയുള്ളവര്‍ക്ക് വലിയൊരു പ്രചോദനമാണെന്ന് ജെസിയും റീനയും പറഞ്ഞു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കല്‍,കുമ്പളങ്ങി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി, വാര്‍ഡ് മെമ്പര്‍ ലില്ലി റാഫേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്ങെടുത്തു.