തൃശൂർ വേലൂർ തലക്കോട്ടുകരയിൽ ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. തലക്കോട്ടുക്കര സദേശി 30 വയസുള്ള റിയാസിനെയാണ് ഇൻസ്പെക്ടർ ലൈജുമോൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇയാളുടെ കൂട്ട് പ്രതി വേലൂർ സ്വദേശി സാജൻ ഓടി രക്ഷപ്പെട്ടു.
സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന് സമീപം വെച്ചാണ് റിയാസ് പിടിയിലായത്.തലക്കോട്ടുക്കരയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവിൻ്റെ ഉപയോഗവും വിൽപ്പനയും വൻതോതിൽ നടക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മേഖലയിൽ പോലീസ് പരിശോധന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
റിയാസും സാജനും കഞ്ചാവുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. സംശയത്തെ തുടർന്ന് പോലീസ് ബൈക്ക് തടഞ്ഞ് പരിശോധിക്കുന്നതിനിടയിൽ രണ്ടും പേരും ബൈക്ക് ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.പിന്തുടർന്ന പോലീസ് റിയാസിനെ സാഹസികമായി പിടികൂടി.ഇതിനിടയിൽ സാജൻ ഓടി രക്ഷപ്പെട്ടു.
റിയാസിൻ്റെ പക്കൽ നിന്നും രണ്ട് കിലോയോളം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഒമ്പത് വർഷമായി കുവൈത്തിലായിരുന്ന റിയാസ് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്.റിയാസിനും സാജനും മുമ്പും ലഹരി വസ്തുക്കൾ കച്ചവടം ചെയ്തതിന് പോലീസ് പിടിയിലായിട്ടുണ്ട്. കുന്നംകുളം - വടക്കാഞ്ചേരി സ്റ്റേഷനുകളിലും നിരവധി കേസുകളിൽ പ്രതികളുമാണിവർ . രക്ഷപ്പെട്ട കൂട്ടാളി സാജന് വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്