തൃശൂര്‍ വടക്കാഞ്ചേരിയിലെ പച്ചക്കറിത്തോട്ടങ്ങളില്‍ വില്ലനായി കായീച്ചകള്‍. കായീച്ച ശല്യം രൂക്ഷമായതോടെ ഈച്ചക്കെണിയൊരുക്കി പ്രതിരോധം തീര്‍ക്കുകയാണ് കര്‍ഷകര്‍.
കൃഷി ജീവിതമാക്കിയ കര്‍ഷകര്‍ക്ക് ശത്രുകീടങ്ങള്‍ എന്നുമൊരു വെല്ലുവിളിയാണ്. കളപറിച്ച് കളയുംപോലത്ര എളുപ്പമല്ല കീടങ്ങളെ പൊരുതി തോല്‍പ്പിക്കാന്‍.
രാസകീടനാശിനികളെ ആശ്രയിക്കാതെ വിളകളെ സംരക്ഷിക്കുകയാണ് തൃശൂര്‍ വടക്കാഞ്ചേരിയിലെ കര്‍ഷകര്‍. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്ന കായീച്ചകള്‍ കര്‍ഷകരുടെ പേടിസ്വപ്നമാണ്. വിളഞ്ഞ പച്ചക്കറികളില്‍ ഈച്ചകള്‍ വന്ന് കടിക്കുന്നതോടെ പച്ചക്കറികള്‍ ഒന്നാകെ നശിക്കുന്ന സ്ഥിതിയുണ്ട്.
മേഖലയില്‍ ഈച്ചകളുടെ സാന്നിധ്യം കൂടിയതോടെ കൃഷിയിടങ്ങളില്‍ ഈച്ചക്കെണിയൊരുക്കി പ്രതിരോധിക്കുകയാണ് കര്‍ഷകര്‍.
പ്രത്യേകം തയ്യാറാക്കിയ പ്ലാസ്റ്റിക് ബോക്‌സിനു നടുവില്‍ ഈച്ചകളെ ആകര്‍ഷിക്കാനുള്ള ചെറിയ രാസപദാര്‍ത്ഥം വച്ചാണ് കെണിയൊരുക്കുന്നത്. ഇതില്‍ നിന്നുള്ള ഗന്ധത്തില്‍ ആകൃഷ്ടരായി ഈച്ചകള്‍ക്ക് പിന്നീട് കെണി വിട്ടു പോകാനാകില്ല.
ഒരേക്കറില്‍ ഒന്നോ രണ്ടോ കെണിയൊരുക്കും. രാസ മരുന്നു തളിക്കാത്ത വിഷ രഹിത പച്ചക്കറികളിലാണ് കായീച്ചകളുടെ ശല്യം കൂടുതലുണ്ടാവുക എന്ന് കര്‍ഷകര്‍ പറയുന്നു.
മരുന്നു തളിക്കാത്തത് കൊണ്ടാണ് ഈച്ചക്കെണി ഒരുക്കേണ്ടി വരുന്നത് എന്നും കര്‍ഷകര്‍ പറയുന്നു. വിഷമില്ലാതെ വിളമ്പാന്‍ വിഷരഹിത പച്ചക്കറി ഒരുക്കുകയാണ് കര്‍ഷകര്‍.