Share this Article
Union Budget
പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കുഴഞ്ഞുവീണു; ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസ്
വെബ് ടീം
posted on 04-09-2023
1 min read
CASE AGAINST BEVCO EMPLOYEES WHO SERVED ALCAHOL TO PLUS ONE STUDENT

മൂവാറ്റുപുഴ: പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസ്. മൂവാറ്റുപുഴ പൊലീസ് അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തത്. നാല് വിദ്യാര്‍ഥികള്‍ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് പുഴയോരത്ത് നാലുകുട്ടികള്‍ മദ്യപിച്ച് ലക്കുകെട്ട് കഴിഞ്ഞ 25ാം തീയതി കുഴഞ്ഞുവീണത്. ഇതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരിലൊരാള്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് മൂവാറ്റുപുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. 

സഹപാഠികള്‍ മദ്യം നല്‍കിയെന്നായിരുന്നു കുട്ടികള്‍ പറഞ്ഞതെങ്കിലും, മൂവാറ്റുപുഴയിലെ ബെവ്‌കോ ഔട്ട് ലെറ്റില്‍നിന്നും വാങ്ങിയതാണെന്ന വിവരം പൊലീസിന്  ലഭിച്ചു. തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. പതിനെട്ടുവയസ് പൂര്‍ത്തിയാകത്തവര്‍ക്ക് മദ്യം നല്‍കരുതെന്നാണ് അബ്കാരി ചട്ടം. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് പോലും മദ്യം നല്‍കിയിട്ടില്ലെന്നാണ് ബെവ്‌കോ ജീവനക്കാര്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories