തൃശ്ശൂര്‍ കുന്നംകുളത്ത് ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് ചെരിഞ്ഞ് അപകടം.മത്സ്യ മാർക്കറ്റിന് സമീപം ഉണ്ടായ അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. തൃശ്ശൂർ - കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ജോണിയച്ചൻ ബസാണ് അപകടത്തിൽപ്പെട്ടത്.
വൺവേ ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട് പാടത്തേക്ക് ചെരിയുകയായിരുന്നു. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സന്തോഷ്, സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ സബ് ഇൻസ്പെക്ടർ നന്ദകുമാർ, കുന്നംകുളം അഗ്നി രക്ഷസേന ഉദ്യോഗസ്ഥരായ ജയകുമാർ, ദിലീപ്കുമാർ, ബെന്നി മാത്യു സീനിയർ അഗ്നി രക്ഷസേന ഉദ്യോഗസ്ഥൻ രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.