ഇടുക്കി ചെക്രമുടി ഭൂ വിഷയത്തിൽ, ഭൂമി വാങ്ങിയ 44 പേർ ഇന്ന് ഹിയറിങ്ങിനായി ദേവികുളം സബ് കളക്ടർ മുൻപാകെ ഹാജരാകണം കൈവശവകാശം തെളിയിക്കുന്ന രേഖകൾ പരിശോധിക്കുന്നതിനാണ് ഹാജരാകാൻ നിർദ്ദേശം നൽകിയിരിയ്ക്കുന്നത് .
ചെക്രമുടിയിലെ ഭൂമികയ്യേറ്റവും അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ഇവിടെ ഭൂമി വാങ്ങിയ 44 പേരുടെ രേഖകൾ പരിശോധിക്കാൻ റവന്യു വകുപ്പ് നോട്ടിസ് നൽകിയത്.
പട്ടയപ്രകാരമുള്ള ഭൂമിയിൽ അവകാശവും അധികാരവും ലഭിച്ച പ്രമാണങ്ങൾ. കൈവശാവകാശം തെളിയിക്കുന്ന അസൽ രേഖകൾ. തിരിച്ചറിയൽ രേഖകൾ തുടങ്ങിയവയുമായാണ് സബ് കളക്ടർ മുമ്പാകെ ഹാജരാക്കേണ്ടത്.
രേഖകളുമായി ഹാജരായില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട് യാതൊന്നും ബോധിപ്പിക്കാനില്ലെന്ന് നിഗമനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും നോട്ടീസ് വ്യക്തമാക്കുന്നു. സർവ്വേ നമ്പർ 35 ഉൾപ്പെട്ട എൽഎ219/65....233/65....501/70....504/70...926/69 എന്നീ പട്ടയങ്ങളും ഇതുമായി ബന്ധപ്പെട്ട ആധാരങ്ങളും തണ്ടപ്പേരുകളും പരിശോധിക്കുന്നതിനാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഭൂമി വാങ്ങിയത് ഭൂരിപക്ഷം പേരും ഇതര ജില്ലകളിൽ നിന്നുള്ളവരാണ്. ഭൂമി വില്പന നടത്തിയ അടിമാലി സ്വദേശി ഉൾപ്പെടെ ഏഴുപേരാണ് ഇവിടെ കെട്ടിട നിർമ്മാണത്തിനുള്ള എൻ.ഒസിക്കായി ബൈസൺവാലി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്.
ഇതിൽ അടിമാലി സ്വദേശിയുടെയും ഭാര്യയുടെയും പേരിൽ എൻ ഓ സി അനുവദിച്ചിരുന്നു. എൻഒസി നൽകിയ ബൈസൺവാലി വില്ലേജ് ഓഫീസർ.
ദേവികുളം തഹസിൽദാർ എന്നിവരുടെ നടപടി തെറ്റാണെന്നും ഐജി കെ.സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കണ്ടെത്തിയിരുന്നു.