തൊടുപുഴ: കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ മോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം.
സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഈ മൂവരുടെയും പേരുകള്‍ ഉണ്ടായിരുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഇവര്‍ക്ക് എതിരെ ഇതുവരെ പൊലീസ് ഇത്തരത്തില്‍ കേസ് എടുത്തിട്ടില്ല. അതിനിടെയാണ് ആരോപണവിധേയരായവരെ സസ്‌പെന്‍ഡ് ചെയ്തുള്ള ഭരണസമിതിയുടെ നടപടി.സംഭവത്തില്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. അതിനിടെ ഭരണസമിതിയംഗം ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടും പൊലീസ് കേസ് എടുക്കാന്‍ തയ്യാറായില്ലെന്ന് സാബുവിന്റെ കുടുംബം ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിനു മാത്രമാണ് ഇതുവരെ കേസെടുത്തിട്ടുള്ളത്. കട്ടപ്പന എഎസ്പിയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സാബുവിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു.ഭീഷണിസന്ദേശം പുറത്തുവന്ന പശ്ചാത്തലത്തില്‍ സാബുവിന്റെ ഫോണും പരിശോധനയ്ക്കു വിധേയമാക്കി. സൊസൈറ്റിക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.