Share this Article
പതിനായിരത്തോളം നെയ്‌ത്തിരികളുടെ പ്രകാശത്തിൽ ഒരാന മാത്രം; ഗുരുവായൂരപ്പൻ സ്വർണക്കോലപ്രഭയിൽ എഴുന്നള്ളി
വെബ് ടീം
posted on 09-12-2024
1 min read
procession guruvayoor temple

ഗുരുവായൂർ/തൃശൂർ: അഷ്ടമിവിളക്കായ ഞായറാഴ്ച രാത്രി ഗുരുവായൂരപ്പൻ സ്വർണക്കോലപ്രഭയിൽ എഴുന്നള്ളി. വിശേഷ വിളക്കിന്റെ നാലാം പ്രദക്ഷിണത്തിന് കൊമ്പന്‍ ഗോകുലാണ് സ്വര്‍ണ്ണക്കോലമേറ്റിയത്. ഗുരുവായൂരിൽ ഇതാദ്യമായാണ് ഏകാദശിയുടെ എഴുന്നള്ളിപ്പിന് ഒരാന മാത്രമാകുന്നത്. അതും സ്വർണക്കോലം എഴുന്നള്ളിക്കുന്ന വിശേഷവിളക്കിന്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒരാന മതിയെന്ന് തീരുമാനിക്കുകയായിരുന്നു.പതിനായിരത്തോളം നെയ്‌ത്തിരികളുടെ പ്രകാശം തെളിഞ്ഞുനിൽക്കേ, ഒരാന മാത്രമായിഎഴുന്നള്ളിപ്പ്. 

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയനുസരിച്ച് ഏകാദശിയോടനുബന്ധിച്ചുള്ള എഴുന്നളളിപ്പുകള്‍, ക്ഷേത്രത്തിനുള്ളിലെ എഴുന്നള്ളിപ്പ്, കേശവന്‍ അനുസ്മരണം എന്നിവ നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനിച്ചത്. ആനകള്‍ തമ്മിലുള്ള അകലം, ആനകളും ആള്‍ക്കാരും തമ്മിലുള്ള അകലം, ആനയും തീപ്പന്തങ്ങളും തമ്മിലുള്ള അകലം എന്നിവയില്‍ കോടതി നിര്‍ദേശ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കും. ശീവേലിക്കുള്ളതുപോലെ കാഴ്ച ശീവേലിക്കും ഒരു ആനയെ മാത്രമായി പരിമിതപ്പെടുത്താനും യോഗത്തിലാണ് തീരുമാനിച്ചത്.

ഏകാദശി ദിവസത്തെ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ 6.30 മണിക്ക് പുറപ്പെടും. ഒരു ആനയെ പങ്കെടുപ്പിച്ചാകും എഴുന്നള്ളിപ്പ്. ക്ഷേത്രം കിഴക്കേദീപസ്തംഭത്തിന്റെ സമീപത്തു നിന്ന് പുറപ്പെട്ട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന എഴുന്നള്ളിപ്പ് തിരിച്ച് 9 മണിക്കുള്ളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തും. ക്ഷേത്രത്തിലെ ശീവേലി വിളക്ക് എഴുന്നള്ളിപ്പിന് ഒരു ആനയെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നും യോഗം തീരുമാനിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories