Share this Article
image
ആശങ്ക ഉയർത്തി കാസർഗോഡ് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു
Hepatitis A Jaundice

ആശങ്ക ഉയർത്തി കാസർഗോഡ് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. ഇതിനോടകം നിരവധി പേരാണ് ചികിത്സ തേടി ആശുപത്രികളിൽ എത്തിയത്. രോഗ പകർച്ച തടയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്  മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്.

കാസർഗോഡ് ജില്ലയുടെ വടക്കൻ മേഖലകളിലാണ് ഹെപ്പറ്റൈറ്റിസ് എ മഞ്ഞപ്പിത്തം വ്യാപകമാകുന്നത്.കാസർഗോഡ് നഗരസഭ,ചെങ്കള, മീഞ്ച തുടങ്ങിയ പഞ്ചായത്തുകളിലുമാണ് രോഗബാധ തിരിച്ചറിഞ്ഞത്. കഴിഞ്ഞമാസം മാത്രം 24 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

ഈ വർഷം 198 പേർക്ക് രോഗബാധിയുണ്ടായി.180 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി..കണ്ണൂർ ജില്ലയിൽ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച്  മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയത്.

രോഗ പകർച്ച തടയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.മലിനമായ ജലം ,ഭക്ഷണം എന്നിവ വഴിയാണ് രോഗം പകരുന്നത്.

ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ സാധാരണയായി രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം 2 മുതൽ 6 ആഴ്ചകൾക്ക് ശേഷം അനുഭവപ്പെടുന്നു. ലക്ഷണങ്ങൾ സാധാരണയായി 2 മുതൽ 12 ആഴ്ചവരെ നീണ്ടുനിൽക്കും..

മലമൂത്ര വിസർജനം ശൗചാലയത്തിൽ മാത്രം ചെയ്യുക,ആഹാരത്തിന് മുമ്പും മലമൂത്ര വിസർജ്ജനത്തിനും ശേഷവും കൈകൾ സോപ്പും വെള്ളവുമപോയോഗിച്ച് വൃത്തിയായി കഴുകുക,കുടിക്കുവാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, ഐസിന്റെ ശുചിത്വം ഉറപ്പ് വരുത്താതെ കടകളിൽ നിന്ന് വില്പന നടത്തുന്ന പാനീയങ്ങൾ, ജ്യൂസ്‌,ഐസ് ഉപയോഗിച്ച് നിർമിക്കുന്ന മറ്റു ഉത്പന്നങ്ങൾ എന്നിവ ഉപയോഗികാതിരിക്കുക മലിനമായവെള്ളത്തിൽ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങൾ,പഴ വർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകുന്നത് ഒഴിവാക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ. 

രോഗലക്ഷണങ്ങൾ കണ്ടാൽ  ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സിക്കരുതെന്നും,ജില്ലാ മെഡിക്കൽ ഓഫീസർ  അഭ്യർത്ഥിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories