വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പോരാട്ടം ഭരണഘടന സംരക്ഷിക്കാനെന്നും ഏത് മണ്ഡലം ഒഴിയണമെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും രാഹുല്‍ എടവണ്ണയില്‍ പറഞ്ഞു.വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് വലിയ സ്വീകരണമാണ് എടവണ്ണയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കിയത്.
ഭരണഘടനയിലൂന്നിയായിരുന്നു രാഹുലിന്റെ പ്രസംഗം. ഭരണഘടന അഭിമാനമാണെന്നും അതില്‍ തൊട്ടു കളിക്കരുതെന്നാണ് ജനങ്ങള്‍ പ്രധാനമന്ത്രിയെ ഓര്‍മ്മപ്പെടുത്തിയെന്നും രാഹുല്‍ പറഞ്ഞുവയനാടോ, റായ്ബറേലിയോ, ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന കാര്യത്തില്‍ ധര്‍മ സങ്കടത്തിലാണെന്ന് വ്യക്തമാക്കിയ രാഹുല്‍, രണ്ടു മണ്ഡലങ്ങളിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
ധാര്‍ഷ്ട്യത്തെ വിനയം കൊണ്ടാണ് വോട്ടര്‍മാര്‍ തോല്‍പ്പിച്ചത്. ബിജെപി അയോധ്യയില്‍ തോറ്റപ്പോള്‍ പ്രധാനമന്ത്രി കഷ്ടിച്ചാണ് വിജയിച്ചു കയറിയത്. ഇന്ത്യയില്‍ സമ്പൂര്‍ണ്ണ അധികാരമല്ല നരേന്ദ്ര മോദിക്ക് കിട്ടിയിരിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു.