മൂവാറ്റുപുഴയില്‍ നബിദിന റാലിക്കിടെ പോത്ത് വിരണ്ടോടി.പോത്തിന്റെ ആക്രമണത്തില്‍ സ്ത്രീക്കും കുട്ടികള്‍ക്കും പരിക്ക്. ചെറുവട്ടൂര്‍ കോട്ടപീടിക നൂറുല്‍ ഇസ്ലാം മദ്രസ നബിദിന റാലിയിലേക്കാണ് പോത്ത് വിരണ്ടോടിയെത്തിയത്. പോത്തിന്റെ ആക്രമണത്തില്‍ ഒരു സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.റാലിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്കും മദ്രസ വിദ്യാര്‍ഥികള്‍ക്കും ഇടയിലേക്കാണ് പോത്ത് ഓടിക്കയറിയത്. അക്രമാസക്തനായ പോത്തിന്റെ വരവോടെ റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ ചിതറിയോടി. ഇതിനിടെ ഒരു സ്ത്രീക്ക് പോത്തിന്‍റെ കുത്തേല്‍ക്കുകയായിരുന്നു. പോത്തിനെ കണ്ട് ഓടുന്നതിനിടെ വീണും മറ്റുമാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി വെസ്റ്റ് മുളവൂര്‍ ജുമാ മസ്ജിദില്‍ നബിദിനം പ്രമാണിച്ച് അറക്കാന്‍ കൊണ്ടുവന്ന പോത്താണിത്. രാത്രിതന്നെ വിരണ്ടോടിയ പോത്തിനെ കണ്ടെത്താനായിരുന്നില്ല. രാവിലെ പിടിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് പോത്ത് നബിദിന റാലിയിലേക്ക് ഓടിക്കയറിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മദ്രസകള്‍ നബിദിന റാലി ഒഴിവാക്കി..