പൊന്നാനി അങ്ങാടിയിലെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു. അപകട സമയത്ത് കെട്ടിടത്തിന് സമീപത്തും റോഡിലും ആളില്ലാതിരുന്നതിനാല്‍ ഒഴിവായത് വന്‍ദുരന്തം
കാലപ്പഴക്കവും, ബലക്ഷയവുമുണ്ടായിട്ടും പൊളിച്ചു മാറ്റാന്‍ വൈകിയ പൊന്നാനി അങ്ങാടിയിലെ ഒരു കെട്ടിടംകൂടി തകര്‍ന്നു വീണു. അപകടസമയത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കടകളിലും, കെട്ടിടത്തിന് മുന്‍ വശത്തെ റോഡിലും ആളുകളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പൊന്നാനി അങ്ങാടിയില്‍ കനോലി കനാലിന് സമീപത്താണ് കെട്ടിടംനിലനിന്നിരുന്നത്. ഉച്ചക്ക് ഒരു മണിയോടെ കെട്ടിടത്തിന്റെ പിന്‍ഭാഗമാണ് ആദ്യം തകര്‍ന്ന് വീണത്. മിനുട്ടുകള്‍ക്കം കെട്ടിടം പൂര്‍ണമായും നിലം പൊത്തുകയായിരുന്നു. കെട്ടിടത്തില്‍ മൂന്ന് ഷട്ടറുകളിലായി ചാക്ക് തുന്നുന്നവരുടെ കടകളാണ് ഉണ്ടായിരുന്നത്.
കെട്ടിടത്തിന്റെ അപകടാവസ്ഥ മനസിലാക്കി ദിവസങ്ങളായി കട തുറന്നിരുന്നില്ല. പാടാരിയകത്ത് സാറുമ്മയുടെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്നുവീണ കെട്ടിടം. പൊന്നാനി അങ്ങാടിയില്‍ ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങളാണ് കാലപ്പഴക്കം മൂലം അപകടാവസ്ഥയിലുള്ളത്. തകര്‍ന്ന കെട്ടിടത്തിന് സമീപത്തെ കെട്ടിടവും ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.