തൃശൂർ മതിലകത്ത് യുവാക്കളെ തട്ടികൊണ്ട് പോയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് പോലീസ്..
മതിലകം സ്വദേശികളായ വട്ടപറമ്പിൽ അലി അഷ്കർ , തോട്ടപ്പുള്ളി വീട്ടിൽ ശ്യാം എന്നിവരെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം.
ഓൺലൈൻ ആപ്പിലൂടെ യുവതിയുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി ചാറ്റ് ചെയ്താണ് സംഘം യുവാക്കളെ മതിലകത്തേക്ക് എത്തിച്ചത്. തുടർന്ന് ഭീഷണിപ്പെടുത്തി കൂരിക്കുഴി ഭാഗത്തേക്ക് കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ച് പണവും, മാലയും, ഫോണും തട്ടിയെടുത്ത് ഇവരെ ഇറക്കിവിടുകയായിരുന്നു.
എന്നാൽ പോലീസിൻ്റെ കൃത്യമായ ഇടപെടൽ മൂലം സംഘം പിടിക്കപ്പെടുകയായിരുന്നു. പ്രതികൾ കാറിൽ കൂരിക്കുഴി ഭാഗത്തേക്ക് പോയിട്ടുണ്ടെന്നറിഞ്ഞ് തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുളള പോലീസ് സ്ഥലത്ത് കേന്ദ്രീകരിക്കുകയും, വിവിധ ഗ്രൂപ്പുകളായി തിരഞ്ഞുള്ള പഴുതടച്ചുളള അന്വേഷണത്തിൽ രണ്ട് പേരെ പിടികൂടുകയുമായിരുന്നു.
ആറംഗ സംഘമാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും ഇതിൽ നാല് പേരെ ഇനിയും പിടികൂടാൻ ഉണ്ടെന്നും പോലീസ് പറഞ്ഞു. ഇവർ ഉപയോഗിച്ച കാർ കൂരിക്കുഴിയിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അലി അഷ്കർ പോക്സോ കേസിൽ ചാവക്കാട് പോക്സോ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ജയിലിൽ കഴിഞ്ഞുവരവെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്. കോടതിയിൽ കെട്ടിവെക്കാനുള്ള ഒരു ലക്ഷം രൂപ കണ്ടെത്താനാണ് പ്രതികൾ യുവാക്കളെ തട്ടികൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു.