ഇടുക്കി കിഴുകാനത്ത് വനപാലകർ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ആദിവാസി യുവാവിനും കുടുംബത്തിനും ഇനിയും നീതി ലഭിച്ചില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന് അപേക്ഷ നൽകിയിട്ട് 6 മാസം കഴിഞ്ഞു.നീതി നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഈ കുടുംബം.
ഇടുക്കി കിഴുകാനം വനമേഖലയിൽആദിവാസി യുവാവായ സരുണിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ട് വർഷമാകാറായിട്ടും നീതി ലഭിച്ചില്ല. ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന് അപേക്ഷ നൽകിയിട്ട് 6 മാസം കഴിഞ്ഞു.
സരുൺ സജി കാട്ടിറച്ചി കടത്തിയെന്നായിരുന്നു കേസ്. ഇതേ തുടർന്ന് സരുണിനെ ജയിലിടുക്കുകയും ചെയ്തു.എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇത് കള്ളക്കേസാണെന്ന് തെളിഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തെങ്കിലും തുടർ നടപടികൾ എടുക്കാനോ നഷ്ടപരിഹാരം നൽകാനോ സർക്കാർ തയ്യാറായില്ല.
കേസുണ്ടായതോടെ ഈ കുടുംബത്തിൻ്റെ ജീവിതം തന്നെ വഴിമുട്ടി.മനുഷ്യാവകാശ കമ്മീഷൻ്റെ ഓരോ സിറ്റിങ്ങിലും പ്രതിഭാഗം കേസ് നീട്ടികൊണ്ടു പോകുന്നതല്ലാതെ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ഇവർ കേസ് പിൻവലിച്ചിരുന്നു.
സർക്കാർ ആദിവാസി സമൂഹത്തോട് കാണിക്കുന്ന കടുത്ത അനീതിക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ശക്തമായ സമരം തുടരുകയും ചെയ്യാനാണ് ഉള്ളാട മഹാസഭയുടെതീരുമാനം.ഇതിൻ്റെ ആദ്യപടിയായി കിഴുകാനും ഫോറസ്റ്റ് സെക്ഷൻ ഓഫീസിന് സമരം സംഘടിപ്പിച്ചു.