പാലക്കാട് കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു. 25 വയസ് പ്രായമുള്ള പിടിയാനയെ ചെന്നൈ എക്‌സ്പ്രസാണ് ഇടിച്ചത്. ലോക്കോ പൈലറ്റിനെതിരെ വനവകുപ്പ് കേസെടുത്തു.
കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ബി ലൈനിലാണ് പിടിയാനയെ ചെന്നൈ എക്‌സ്പ്രസ് ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കാട്ടാന മണിക്കൂറുകള്‍ക്ക് ശേഷം ചരിയുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അടക്കം പൂര്‍ത്തിയാക്കി ജഡം സംസ്‌കരിച്ചു.
സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനംവകുപ്പ് കേസെടുത്തു. ഈ ട്രാക്കില്‍ വേഗപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ലോക്കോ പൈലറ്റുമാര്‍ ഇത് പാലിക്കുന്നില്ലെന്നാണ് വനംവകുപ്പിന്റെ ആരോപണം. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തെ ആനയാണ് കഞ്ചിക്കോട് ട്രെയിന്‍ തട്ടി ചരിയുന്നത്.
മേഖലയില്‍ ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ റെയില്‍വേയുമായി ചര്‍ച്ച നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. സ്ഥലത്ത് കൂടുതല്‍ ഫെന്‍സിങ് ഉള്‍പ്പെടെ ഉടന്‍ സജ്ജമാക്കുമെന്നും ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ വ്യക്തമാക്കി.