Share this Article
പൊലീസ് സ്റ്റേഷനിൽ ഹാജരായി സുരേഷ്ഗോപി; ചോദ്യം ചെയ്യും; സ്റ്റേഷന് മുന്നിൽ പ്രതിഷേധം
വെബ് ടീം
posted on 14-11-2023
1 min read
SURESH GOPI AT NADAKKAV STATION

കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിൽ ഹാജരായി. നടക്കാവ് സ്റ്റേഷനിൽ 11.45 ഓടെ ഹാജരായ സുരേഷ് ഗോപിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും; സ്റ്റേഷന് മുന്നിൽ ബിജെപി  പ്രതിഷേധംനടക്കുകയാണ്.

കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളും സുരേഷ് ഗോപിക്കൊപ്പം എത്തിയിരുന്നു. സുരേഷ് ഗോപിക്ക് അഭിവാദ്യം അര്‍പ്പിച്ച് നടക്കാവ് ഇംഗ്ലീഷ് പള്ളിയില്‍ നിന്നും ബിജെപി നേതാക്കള്‍ സ്റ്റേഷനിലേക്ക് പദയാത്ര സംഘടിപ്പിച്ചിരുന്നു. 

ഈ പദയാത്ര സ്റ്റേഷന്‍ പരിസരത്ത് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. 'കോഴിക്കോട്  എസ് ജിയ്‌ക്കൊപ്പം' എന്ന പ്ലക്കാര്‍ഡുമായി ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 500-ഓളം പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. വേട്ടയാടാന്‍ വിട്ടുതരില്ല എന്ന ബാനറും പിടിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്. 

ഇതിനിടെ മൂന്നു വാഹനങ്ങളുടെ അകമ്പടിയോടെ സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലേക്കെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, എംടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പദയാത്രയായി സ്റ്റേഷനിലേക്കെത്തിയിരുന്നു. നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്.

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം നടന്നത്.  ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories