പെട്രോള്‍ പമ്പുകള്‍ രാത്രികാലങ്ങളില്‍ അടച്ചിടാന്‍ തീരുമാനം. പമ്പുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പമ്പുകള്‍ അടച്ചിട്ട് സമരത്തിനൊരുകയാണ് പമ്പുടമകള്‍.
പെട്രോള്‍ പമ്പുകള്‍ കൊള്ളയടിക്കുകയും പമ്പ് തൊഴിലാളികളെ ആക്രമിക്കുകയും ചെയ്യുന്നതിനെതിരേ സംസ്ഥാനത്തെ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്ന് പമ്പ് ഉടമകള്‍. രാത്രികാലങ്ങളില്‍ പമ്പുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതിനാല്‍ രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ മാത്രം തുറക്കാനാണ് തീരുമാനം. ബാക്കി സമയം പമ്പുകള്‍ അടച്ചിടണമെന്നാണ് പമ്പുടമകളുടെ അഭിപ്രായം.
സുരക്ഷ പേടിച്ചു ജോലിക്കാരെ കിട്ടുന്നില്ലെന്നതാണ് പമ്പുടമകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍, ഡിസംബര്‍ 9 നു കോഴിക്കോട് ചേരുന്ന ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് യോഗത്തില്‍ പമ്പുകള്‍ രാത്രികാലത്ത് അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. മുക്കം മാങ്ങാപ്പൊയിലില്‍ കഴിഞ്ഞ് ദിവസം പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി മൂന്നഗ സംഘം മോഷണം നടത്തിയിരുന്നു.