രാഷ്ട്രീയ കേരളം ചങ്കിടിപ്പോടെയാണ് പാലക്കാടേക്ക് ഉറ്റുനോക്കുന്നത്. ഒരു ഉപതെരഞ്ഞെടുപ്പ് ഫലത്തിനപ്പുറം കേരള രാഷ്ട്രീയത്തിൽ തുടർ ചലനങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും മണ്ഡലത്തിലെ ജനവിധി.
രാഷ്ട്രീയ തിരക്കഥയിൽ ഓരോ സീനിലും ട്വിസ്റ്റുകൾ നിറഞ്ഞ പാലക്കാടൻ ത്രില്ലറിൻ്റെ ക്ലൈമാക്സിലേക്ക് ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് കേരളം. സ്ഥാനാർത്ഥി നിർണയം മുതൽ വിവാദങ്ങൾ തേരു വലിക്കാൻ തുടങ്ങി. യു ഡി എഫ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ടയിൽ നിന്നും പാലക്കാട് ഇറങ്ങിയതു തന്നെ രാഷ്ട്രീയ കമ്പക്കെട്ടിന് തിരികൊളുത്തിയാണ്.
പൊട്ടിത്തെറി കോൺഗ്രസിലായിരുന്നു. ഡോ.പി സരിൻ പുറത്തേക്ക് തെറിച്ചു. സരിൻ്റെ മുറിവുണക്കിയത് സി പി എം. ചുവപ്പു പരവതാനി വിരിച്ച് ഇടതുമുന്നണിയിലേക്ക് വരവേൽപ്പ്. സ്ഥാനാർത്ഥിത്വം നൽകി യു ഡി എഫിന് മറുപടി. പിന്നെ കണ്ടത് കോൺഗ്രസിൽ നിന്ന് പുറത്തേക്കുള്ള പ്രാദേശിക നേതാക്കളുടെ ഘോഷയാത്ര. പഞ്ചായത്ത് അംഗമടക്കം 12 പേർ ഇടതുമുന്നണിക്കൊപ്പം ചേർന്നു.
ഇതിനിടയിൽ മുറിവിൽ മുളകരച്ചതു പോലെ ഡിസിസി നേതൃത്വത്തിൻ്റെ കത്തും പുറത്ത് വന്നു. കെ. മുരളീധരനെ യാണ് ആഗ്രഹിച്ചിരുന്നതെന്ന ജില്ലാ നേതാക്കളുടെ കത്ത് യു ഡി എഫിനുള്ള കുത്തായി മാറി. സി പി എം കൗൺസിലർ അബ്ദുൾ ഷുക്കൂർ ഇടഞ്ഞതോടെ അപ്പുറത്തും അലകൾ ഉയർന്നു.
ഷുക്കൂറിനെ കയ്യോടെ പൊക്കി എൻ.എൻ കൃഷ്ണദാസ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എത്തിച്ചു. മാധ്യമ പ്രവർത്തകരെ ഇറച്ചി കടക്ക് മുന്നിൽ കാത്തു നിൽക്കുന്ന പട്ടികളോട് ഉപമിച്ച് കൃഷ്ണദാസ് തന്നെ രംഗം കൊഴുപ്പിച്ചു. കൊടകര കുഴൽപണ കേസ് വീണ്ടും ചർച്ചകളിൽ നിറഞ്ഞപ്പോഴായിരുന്നു പാലക്കാട്ടെ പാതിരാ നാടകം.
കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ കള്ള പണം കണ്ടുപിടിക്കാൻ എത്തിയ പൊലീസ് സംഘം തെരഞ്ഞെടുപ്പ് തിരക്കഥയിൽ സംഘട്ടന രംഗം എഴുതി ചേർത്തു. യൂത്ത് കോൺഗ്രസ് ഒരു ഭാഗത്തും യുവമോർച്ച- ഡിവൈഎഫ്ഐ നേതാക്കൾ മറുഭാഗത്തുമായി ആവും വിധം അടി തിമിർത്തു.
കഥ മുന്നേറവെ അതിഥി താരമായി എത്തിയ ഇ.പി. ജയരാജൻ എഴുതാത്ത ആത്മകഥയുടെ പേരിൽ രംഗത്തിന് എരിവും പുളിയും പകർന്നു. സരിൻ വയ്യാവേലിയാകുമെന്ന വരികൾ ഒരു സൈഡ് ട്രാക്കായി മാറി. ഇ പിയെ പാലക്കാട് എത്തിച്ച് സി പി എം നേതൃത്വം ആ അധ്യായം അടച്ചു.
അവസാന സീനിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്ന തോന്നലിൽ നിൽക്കുമ്പോഴാണ് സന്ദീപ് വാര്യരുടെ വക അടുത്ത ട്വിസ്റ്റ്. ബി ജെ പി പാളയം വിട്ട് കോൺഗ്രസിൻ്റെ കൈ പിടിച്ച സന്ദീപ് വാര്യർ തുടങ്ങി വെച്ച വിവാദമേളം ഇതുവരെയും കലാശം കൊട്ടിയിട്ടില്ല. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ കുത്തി പൊക്കി സുപ്രഭാതം- സിറാജ് ദിനപത്രങ്ങളിൽ എൽഡിഎഫ് നൽകിയ പരസ്യം അടുത്ത പോരിനുള്ള ആയുധമായി.
ഇതിനിടയിൽ ഇരട്ട വോട്ടും വ്യാജ വോട്ടുമെല്ലാം ആരോപണ പ്രത്യാരോപണങ്ങളായി അന്തരീക്ഷത്തിൽ നിറഞ്ഞു. സി പി എം - ബി ജെ പി ഡീലെന്ന് യുഡിഎഫും എസ്ഡിപിഐ- ബി ജെ പി- കോൺഗ്രസ് കൂട്ടുകെട്ടെന്ന് എൽഡിഎഫും പഴിചാരി. ഇങ്ങനെ പ്രചരണ രംഗം സമ്പന്നമായതിൻ്റെ പ്രതിഫലനം പോളിംഗിൽ കണ്ടില്ല. ശതമാനം കഴിഞ്ഞ തവണത്തെ 75.83 ൽ നിന്നും 70.51 ലേക്ക് താണു.
എന്നാൽ ശക്തി കേന്ദ്രങ്ങളിൽ നല്ല രീതിയിൽ പോളിംഗ് നടന്നുവെന്ന് മുന്നണികൾ അവകാശപ്പെടുന്നു. പാലക്കാട് നഗര പരിധിയിലാണ് ബി ജെ പി പ്രതീക്ഷകൾ തിടം വെയ്ക്കുന്നത്. മൂത്താന്തറ, കറുകോടി, കോഴിപ്പറമ്പ്, വടക്കന്തറ തുടങ്ങിയ സ്വാധീന മേഖലകളിലെ ബൂത്തുകളിൽ പോളിങ് ശതമാനം 80 കടന്നതാണ് ബി ജെ പി ചൂണ്ടി കാണിക്കുന്നത്. അയ്യായിരത്തിനടുത്ത് വോട്ടിൻ്റെ ഭൂരിപക്ഷമാണ് ബി ജെ പി സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പ്രതീക്ഷ.
എന്നാൽ ബി ജെ പി ക്കുള്ളിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിൻ്റെ മറുപടി. നഗരപരിധിയിൽ ബി ജെ പി വോട്ട് കുറയുമെന്നും ശക്തി കേന്ദ്രമായ പിരായിരി പഞ്ചായത്തിൽ ആധിപത്യം നിലനിർത്തുമെന്നും യുഡിഎഫ് പറയുന്നു. കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ നിന്ന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് കിട്ടുമെന്നും വിലയിരുതലുണ്ട്.
പതിനായിരത്തിന് മുകളിൽ വോട്ടിന് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നും യുഡിഎഫ് ഉറപ്പിക്കുന്നു. നഗരസഭയിൽ സംഘടനാപരമായി സ്വാധീനമിലെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.സരിനെ അവതരിപ്പിച്ചത് ഗുണം ചെയ്തുവെന്ന നിഗമനത്തിലാണ് എൽഡിഎഫ്. കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ നല്ല നിലയിൽ ലീഡ് ചെയ്യുക കൂടി ഉണ്ടായാൽ ഇത്തവണ ചിത്രം മാറുമെന്ന് എൽ ഡി എഫ് പ്രതീക്ഷിക്കുന്നു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 3859 വോട്ടാണ് യുഡിഎഫും ബി ജെ പിയും തമ്മിലുള്ള വ്യത്യാസം. അന്ന് മെട്രോമാൻ ഇ.ശ്രീധരനെയാണ് ഷാഫി പറമ്പിൽ തോൽപ്പിച്ചത്. ഷാഫി വടകരയിൽ നിന്നും എം.പി ആയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. വൃശ്ചിക കാറ്റ് പൊടി പറത്തുന്ന പാലക്കാട് ആരുടെ കണ്ണിൽ നനവ് പടരും. ആരുടെ കിനാവ് പൂവണിയും. കാത്തിരുന്ന് കാണാം.