കൊച്ചി: കോളേജ് വിദ്യാർത്ഥിനികളുടെ ഉൾപ്പെടെ പെൺകുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റിലായി. മറ്റൂര്‍ ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന രോഹിത്തിനെയാണ് പൊലീസ് പിടികൂടിയത്.മുമ്പ് പഠിച്ചിരുന്നവരടക്കം ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ ഇതേ തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് സംശയം. കോളേജ് പഠനകാലത്ത് കാംപസില്‍വെച്ച് പകര്‍ത്തിയ പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇയാള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചിരുന്നത്. പ്രതിയുടെ രണ്ട് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബിരുദ വിദ്യാര്‍ഥിനിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫെയ്സ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നില്‍ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ക്യാമ്പസിലെ മുന്‍ വിദ്യാര്‍ഥി നേതാവായിരുന്ന രോഹിത് അറസ്റ്റിലായത്.എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന രോഹിത്ത്, കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായാണ് പറയുന്നത്. ഈ സമയത്ത് പെണ്‍കുട്ടികളുടെ ചിത്രങ്ങളും പകര്‍ത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കാപ്ഷനോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയായിരുന്നു. വ്യാജ ഫെയ്‌സ്ബുക്ക് ഐ.ഡി. ഉള്‍പ്പെടെ ഉപയോഗിച്ചാണ് പ്രതി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരുന്നത്. അശ്ലീല വെബ്‌സൈറ്റുകളിലും ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.
കോളേജിലെ ഒരു വിദ്യാര്‍ഥിനി കാലടി പൊലീസിൽ പരാതി നല്‍കി. സംഭവത്തിന് പിന്നില്‍ രോഹിത്താണെന്ന് സംശയിക്കുന്ന ചില തെളിവുകള്‍ സഹിതമാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. നിലവില്‍ ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, ഇയാള്‍ക്കെതിരേ എട്ട് പെണ്‍കുട്ടികള്‍കൂടി സമാനപരാതിയുമായി സമീപിച്ചിട്ടുണ്ട്.