ജില്ലയിലെ ഏക ഒട്ടക സവാരിയായിരുന്ന രാമക്കല്‍മേട് ഒട്ടക സവാരി വീണ്ടും നിലച്ചു. രാമക്കല്‍മേട് എത്തുന്ന സഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായ സുല്‍ത്താന്‍ എന്ന ഒട്ടകം ചത്തതോട് കൂടിയാണ് ഒട്ടകസവാരി നിലച്ചത്. മുമ്പ് കയറില്‍ കുരുങ്ങി മറ്റൊരു ഒട്ടകവും ഇവിടെ ചത്തിരുന്നു. ഇതേ സമയം ഒട്ടക സവാരി അനധികൃതമായാണ് രാമക്കല്‍മേട്ടില്‍ നടന്നതെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ആരോഗ്യ പ്രശ്‌നങ്ങളാണ് ഒട്ടകത്തിന്റെ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. മുന്‍പ് കയര്‍ കുരുങ്ങി കുഴിയിലേയ്ക്ക് പതിച്ച ഒട്ടകവും ഇവിടെ ചത്തിരുന്നു. ഇതോടെ ഒട്ടക സവാരി ആസ്വദിക്കാനെത്തുന്നവരും നിരാശയിലായി. സന്യാസിയോട സ്വദേശികളായ മൂന്ന് ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് രാജസ്ഥാനില്‍ നിന്നും ഒട്ടകത്തെ രാമക്കല്‍ മേട്ടില്‍ എത്തിച്ചത്.
ഇടുക്കിയില്‍ ആന കുതിര സവാരികള്‍ സാധാരണയാണെങ്കിലും ഒട്ടക സവാരി ആദ്യമായിരുന്നു. അതിനാല്‍ തന്നെ രാമക്കല്‍മേടെത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകം പകരുന്ന ഒന്നായിരുന്നു ഇത്.
അതേസമയം തുടര്‍ച്ചയായി ഒട്ടകങ്ങള്‍ ഇവിടെ ചത്തൊടുങ്ങുന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മൃഗസ്‌നേഹികളും രംഗത്ത് വന്നിട്ടുണ്ട്. ഒട്ടകത്തിന്റെ പോസ്റ്റ് മോര്‍ട്ടം അടക്കം നടത്താതെയാണ് മറവ് ചെയ്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംസ്ഥാന വിനോദവകുപ്പിന്റെയോ ഡിടിപിസിയുടെയോ അനുമതിയില്ലാതെയാണ് ഇവിടെ അനധികൃത സവാരി നടത്തിയെന്നും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.