കോഴിക്കോട് ജില്ലയിൽ രണ്ടിടങ്ങളിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. ബാലുശ്ശേരി കരുമലയിൽ നടന്ന അപകടത്തിൽ ഡ്രൈവർ പിക്കപ്പ് വാനിനകത്ത് കുടുങ്ങി. ഈങ്ങാപ്പുഴ എലോക്കരയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ പിക്കപ്പ് വാനിൽ നിന്നും ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ബാലുശ്ശേരി കരുമലയിൽ പിക്കപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന മലപ്പുറം കിഴിശ്ശേരി സ്വദേശികളായ കൃഷ്ണകുമാർ, മുഹമ്മദ് റഷാദ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളാണ് വണ്ടിയോടിച്ചിരുന്നത്. അപകടത്തിനിടെ വാനിനകത്തു കുടുങ്ങിപ്പോയ ഡ്രൈവറെ ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. നരിക്കുനിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനയും ഹൈവേ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഈങ്ങാപ്പുഴക്ക് സമീപം ഏലോക്കരയിലാണ് മറ്റൊരു അപകടം നടന്നത്. ടയർ പൊട്ടിയതിനെ തുടർന്ന് പിക്കപ്പ് വാൻ നിയന്ത്രണംവിട്ടുമറിയുകയായിരുന്നു. വാഹനത്തിനകത്തുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സുൽത്താൻ ബത്തേരി ബീനാച്ചി സ്വദേശികളാണ് ഇരുവരും. ഇന്നലെ മാറ്റിയിട്ട രണ്ട് പുതിയ ടയറുകളിൽ ഒന്നാണ് പൊട്ടിയത്.