ഇടുക്കി മൂന്നാര്‍ പോതമേട്ടില്‍ നിന്നും ആനക്കൊമ്പുകളുമായി രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയിലായി.വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വനംവകുപ്പ് അന്വേഷണം നടത്തുകയാണ്.
ആനക്കൊമ്പുകളുടെ വില്‍പ്പന നടക്കുന്നതായി വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ പോതമേട്ടില്‍ നിന്നും ആനക്കൊമ്പുകളുമായി രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയിലായത്. പോതമേട് സ്വദേശികളായ സിഞ്ചുകുട്ടന്‍, മണി എന്നിവരെയാണ് പിടികൂടിയത്.
വനംവകുപ്പ് സംഘത്തിന് വില്‍പ്പനക്കായി എത്തിച്ച ആനക്കൊമ്പുകളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. ദൃശ്യങ്ങള്‍ കാണിച്ചുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
തുടര്‍ന്ന് പോതമേട്ടിലുള്ള പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്നും ഏകദേശം രണ്ട് കിലോയില്‍ അധികം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളുടെ ഭാഗങ്ങള്‍ കണ്ടെത്തിയതായി വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികളെ ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു വരികയാണ്.സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.