Share this Article
2 മാസത്തിനുള്ളിൽ മൊബൈൽ ഫോൺ കേടായി; മാറ്റി നൽകിയില്ല; ഫ്ലിപ്കാർട്ടിനെതിരെ നടപടി
വെബ് ടീം
posted on 31-10-2024
1 min read
mobile phone

മലപ്പുറം: തകരാറിലായ മൊബൈൽ ഫോൺ മാറ്റി നൽകാത്തതിനു  ഫ്ലിപ്കാർട്ടിന് എതിരെ നടപടി എടുത്ത് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി. വാറണ്ടി കാലവധിക്കുള്ളിൽ മൊബൈൽ ഫോൺ തകരാറിലായിട്ടും മാറ്റി നൽകാത്തതിനെ തുടർന്ന് ഉപഭോക്താവിന് നഷ്ട പരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. ചെട്ടിപ്പടി നെടുവ അത്താണിയിലെ ചെരിച്ചമ്മൽ മുഹമ്മദ് കോയ എന്നയാളുടെ പരാതിയിലാണ് നടപടി.

പരാതിക്കാരന് 25,000 രൂപ നഷ്ട പരിഹാരവും ഫോണിന്റെ വിലയായ 20,402 രൂപയും കോടതി ചിലവിലേക്ക് 5000 രൂപയും ഓൺലൈൻ ബിസിനസ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് കമ്പനി നൽകണമെന്നാണ്  വിധി. കൂടാതെ തകരാറിലായ ഫോൺ പരാതിക്കാരന് തന്നെ ഉപയോഗിക്കാനും വിധിച്ചു. 2023 മാർച്ച് 29നാണ് മുഹമ്മദ് കോയ ഫ്ലിപ്കാർട്ടിൽ നിന്നും റെഡ്മിയുടെ മൊബൈൽ ഫോൺ ഓർഡർ ചെയത് വാങ്ങിയത്. ഉപയോഗിച്ച് വരവേ ഫോണിന്റെ മൈക് തകരാറിലായി. 

തുടർന്ന് മെയ് 13ന് തിരൂരിൽ എം.ഐ സർവീസ് സെന്ററിൽ കൊണ്ടുപോയി കാണിച്ചപ്പോൾ മൊബൈൽ ഫോൺ 2021 ഏപ്രിൽ നാലിന് ഗുജറാത്തിൽ വിൽപ്പന നടത്തിയ ഫോൺ ആണെന്നും ഫോണിന് വാറണ്ടി ഇല്ലെന്നും മറ്റും പറഞ്ഞ് ഫോൺ മടക്കുകയാണ് ഉണ്ടായത്. തുടർന്ന് ഫ്ലിപ്കാർട്ടിൽ 2023 മെയ് 13ന് പരാതി നൽകുകയും ചെയ്തു. എന്നാൽ ഫ്‌ളിപ്കാർട്ട് സ്ഥാപനത്തിൽ നിന്ന് ഓരോരോ കാരണങ്ങൾ പറഞ്ഞ് പരാതിക്കാരനെ നിരന്തരം വഞ്ചിച്ചതോടെയാണ് മുഹമ്മദ് കോയ അഡ്വ. മുഹമ്മദ് സൽമാൻ സഖാഫി മുഖേന പരാതി നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories