Share this Article
image
മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി
Complaint of extorting money by offering job in Malaysia

മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി. തട്ടിപ്പിനിരയായ  മൂന്നു പേര്‍ തൊടുപുഴ ഡിവൈഎസ്പിയ്ക്ക്  പരാതി നല്‍കി. മുട്ടം മാത്തപ്പാറ  സ്വദേശി കെ.ജെ.അമലിനെതിരെയാണ് പരാതി.

മലേഷ്യയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത അമലിന് 2,20,000 രൂപ വീതം ആറു പേര്‍ നല്‍കിയതായാണ് പരാതി. മുട്ടം സ്വദേശി ഷോണറ്റ്, ഇടമറുക് സ്വദേശി അഞ്ജന മോഹന്‍, മൂലമറ്റം സ്വദേശി ജിപ്‌സി മോള്‍ ജയ്‌സണ്‍ എന്നിവരാണ് തൊടുപുഴ ഡിവൈ.എസ്.പിക്ക് നിലവിൽ പരാതി നല്‍കിയിരിക്കുന്നത്.

അമലും കൂട്ടാളികളായ ജിബിന്‍ സണ്ണി, ഹരിപ്പാട് സ്വദേശികളായ ജോണ്‍, മനോജ് എന്നിവരും ചേര്‍ന്ന് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ആറു മാസം മുമ്പാണ് അമലിന് ഇവര്‍ പണം നല്‍കിയത്. പിന്നീട് ജോലിയും പണവും  ലഭിക്കാതെ വന്നതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. 

ഒരാള്‍ക്ക് വിമാന ടിക്കറ്റും പിന്നീട് വര്‍ക്ക് പെര്‍മിറ്റും അയച്ചു നല്‍കിയെങ്കിലും ഇത് വ്യാജമായിരുന്നെന്ന് പിന്നീട് വ്യക്തമായി. ഇതിനിടെ ജോലിക്കായി  രേഖകള്‍ തയാറാക്കിയ കോട്ടയം സ്വദേശി   60000 രൂപ വീതം നാലു പേര്‍ക്ക് മടക്കി നല്‍കി. 

ഇപ്പോള്‍ അര്‍മേനിയയിലുള്ള  അമലിനെ പല തവണ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ ഫോണ്‍ എടുക്കാറില്ലെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ഇയാളുടെ വീട്ടുകാരെ ബന്ധപ്പെട്ടെങ്കിലും അവരും ഒഴിഞ്ഞു മാറുകയായിരുന്നു. ജോണാണ് പണം തട്ടിയെടുത്തതെന്നാണ് ഇവര്‍ പറയുന്നത്.

അമലും സംഘവും നേരത്തെയും ജോലി വാഗ്ദാനം ചെയ്ത്  തട്ടിപ്പു നടത്തിയതായും സൂചനയുണ്ട്. മലേഷ്യയില്‍ ജോലിയ്ക്കായി പോയ യുവാവ് തട്ടിപ്പിനിരയായതിനെ തുടര്‍ന്ന്  അവിടെ പോലീസ് പിടികൂടി തിരിച്ചയച്ചതായും വിവരമുണ്ട്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories