മരിച്ചുവെന്ന് കരുതിയ പ്രതിയെ 21 വര്‍ഷത്തിനു ശേഷം പൊലീസ് കണ്ടെത്തി. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഫസലുദ്ദീനെ മലപ്പുറത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. 2003 ല്‍ പിടിയിലായ ഇയാള്‍, ജാമ്യം നേടി മുങ്ങുകയായിരുന്നു.
മലപ്പുറത്തെ ഒരു സ്വകാര്യ സ്‌കൂളിലേയ്ക്ക് പത്തനംതിട്ട പൊലീസ് മഫ്തിയില്‍ എത്തുന്നു. ഡയറക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടു. മുറിയിലെത്തിയതും ഡയറക്ടര്‍, സന്ദര്‍ശകരോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.
ഇതോടെ എത്തിയത് വെറും സന്ദര്‍ശകരല്ല, പത്തനംതിട്ട സ്റ്റേഷനില്‍ നിന്നുളള പൊലീസുകാരാണെന്ന് സംഘം വെളിപ്പെടുത്തി. വാഹനം തയാറാണ് പുറപ്പെടാമെന്ന് പറഞ്ഞതോടെ, ഫസലുദ്ദീന്‍ കസേരയില്‍ നിന്നെഴുന്നേറ്റ് പൊലീസുകാര്‍ക്കൊപ്പം നടന്ന് വാഹനത്തില്‍ കയറി. മരിച്ചുവെന്ന് നാടാകെ വിശ്വസിച്ച ഒരാള്‍. വഞ്ചനാക്കേസില്‍ ജാമ്യം നേടി മുങ്ങിയ പത്തനംതിട്ട സ്വദേശി ഫസലുദീന്‍ പിടിയിലായത് ഇങ്ങനെയാണ്.
വെട്ടിപ്രത്തെ ഇയാളുടെ കുടുംബാംഗങ്ങളുടെ ഫോണ്‍ വിളികള്‍ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ ബന്ധുക്കളിലൊരാള്‍ക്ക് മലപ്പുറത്ത് നിന്ന് നിരന്തരം വിളി എത്തുന്നതായി കണ്ടെത്തി. ഇയടയ്ക്ക് ഈ നമ്പരിലേയ്ക്ക്, രക്തം പരിശോധിച്ച ലാബ് റിപ്പോര്‍ട്ടും വന്നു. മലപ്പുറത്തുളളത് , ജാമ്യം നേടി മുങ്ങിയ ഫസലുദ്ദീനാണെന്ന് ഉറപ്പിച്ചായിരുന്നു പൊലീസ് നീക്കം.
2003ലാണ് കോയിപ്രം പൊലീസ് ഫസലുദീനെ അറസ്റ്റ് ചെയ്തത്. വിസ തട്ടിപ്പിലായിരുന്നു നടപടി.ശേഷം ജാമ്യം നേടി മുങ്ങി. ഇതിനിടെ ഫസലുദ്ദീന്‍ മരിച്ചതായും വാര്‍ത്ത പരന്നു.
കോയമ്പത്തൂരിലായിരുന്നു ഏറെക്കാലം താമസം. ഇടക്കാലത്ത് മൂവാറ്റുപുഴയിലും. സമീപകാലത്താണ്, മലപ്പുറത്ത് സ്വകാര്യ സ്‌കൂള്‍ ഡയറക്ടറായി ചുമതലയേറ്റത്. പൊതുമരാമത്ത് വകുപ്പ് മുന്‍ സൂപ്രണ്ടാണ്.