എറണാകുളത്ത് സീറ്റ് ബെൽറ്റ് താടി മൂലം മറഞ്ഞുപോയത് പുരോഹിതനെ എഐ ക്യാമറയിൽ കുരുക്കി. എറണാകുളം പടമുകൾ സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് സിറിയൻ പള്ളി വികാരി ഫാ.ജോൺ ജോർജിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. അടൂർ ഏനാത്തുള്ള മാതാപിതാക്കളെ കണ്ടു കാക്കനാട്ടേക്ക് മടങ്ങും വഴി ചെങ്ങന്നൂരും നാഗമ്പടത്തുമാണ് പുരോഹിതനെ ക്യാമറ കുരുക്കിയത്. വൈകിട്ട് കാക്കനാട് തിരിച്ചെത്തിയപ്പോഴാണ് മൊബൈൽ ഫോണിൽ ആദ്യ സന്ദേശം എത്തുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാനായിരുന്നു നിർദേശം.
ചെങ്ങന്നൂർ കല്ലിശേരിയിലെ ക്യാമറയിൽ നിന്നുള്ളതായിരുന്നു ദൃശ്യം. പിറ്റേന്ന് കാക്കനാട് ആർടിഒ ഓഫിസിൽ എത്തിയ പുരോഹിതൻ കാര്യം പറഞ്ഞപ്പോൾ വിശദമായി പരിശോധിച്ച ഉദ്യോഗസ്ഥർക്ക് സീറ്റ്ബെൽറ്റ് ധരിച്ചിരുന്ന കാര്യം വ്യക്തമായി. താടിയുടെ മറവിലായിരുന്നു സീറ്റ് ബെൽറ്റ് എന്നതിനാലാണ് ഒറ്റനോട്ടത്തിൽ ക്യാമറയിൽ വ്യക്തമാകാതിരുന്നത്. മഴ മൂലം ദൃശ്യത്തിന് വ്യക്തതക്കുറവുമുണ്ടായിരുന്നു.
ആശ്വാസത്തോടെ മടങ്ങിയെത്തിയപ്പോൾ രാത്രി അടുത്ത സന്ദേശം എത്തി. നാഗമ്പടം പാലത്തിനു സമീപത്തെ ക്യാമറയിൽ നിന്നുള്ള ദൃശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്ന രണ്ടാമത്തെ സന്ദേശം. ഇതേക്കുറിച്ചു ഫോണിലൂടെ അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. രണ്ടു ദിവസം ആർടി ഓഫിസ് അവധിയായിരുന്നതിനാൽ പരാതി നൽകാനും കഴിഞ്ഞില്ല.ഇന്ന് തന്റെ അവസ്ഥ ബോധ്യപ്പെടുത്തുമെന്നു ഫാ. ജോൺ ജോർജ് പറഞ്ഞു