അമ്പലപ്പുഴ തിരുവല്ല റൂട്ടിൽ തകഴി റെയിൽവെ ഗേറ്റിൽ അജ്ഞാത വാഹനമിടിച്ചു.ക്രോസ് ബാർ തകർന്നതിനെത്തുടർന്ന് ഈ റൂട്ടിൽ ഗതാഗതം നിലച്ചു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ട്രെയിൻ വന്നപ്പോൾ ക്രോസ് അടക്കുന്നതിനിടെ തിരുവല്ല ഭാഗത്തേക്ക് പോയ വാഹനമിടിച്ചാണ് അപകടമുണ്ടായത്.
പച്ചക്കറി കയറ്റിപ്പോയ ലോറിയാണെന്ന് സംശയമുണ്ട്. വാഹനം കണ്ടെത്താൻ അമ്പലപ്പുഴ പോലീസിൻ്റെ നേതൃത്വത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണമാരംഭിച്ചു. അപകടത്തെത്തുടർന്ന് അമ്പലപ്പുഴ തിരുവല്ല റൂട്ടിൽ ഗതാഗതം മുടങ്ങി.
ആലപ്പുഴയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി.ബസുകൾ തകഴി ആശുപത്രി ജംഗ്ഷൻ വരെയും തിരുവല്ലയിൽ നിന്നുള്ള ബസുകൾ തകഴി ജംഗ്ഷൻ വരെയുമാണ് നിലവിൽ സർവീസ് നടത്തുന്നത്. തകഴി റെയിൽവേ ഗേറ്റിൽ അപകടം പതിവായിരിക്കുകയാണ്.
തിരുവല്ല ഭാഗത്തേക്ക് പോകാനുള്ള മറ്റ് ചെറിയ റോഡുകളും ഗതാഗത യോഗ്യമല്ല. അപകടത്തെത്തുടർന്ന് ദീർഘ ദൂര ചരക്കു ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.