കോഴിക്കോട് താമരശ്ശേരിയിലെ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി ആട് ഷമീർ അറസ്റ്റിൽ. കുപ്രസിദ്ധ ഗുണ്ടയായ കാസർഗോഡ് കുന്നുംകൈ സ്വദേശി ഒറ്റത്തൈയിൽ മുഹമ്മദ് ഷമീർ എന്ന ആട് ഷമീറിനെ വയനാട് പൊഴുതനയിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അതേസമയം ഷമീറിനൊപ്പം കാറിൽ ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിന് പ്രവാസിയായ പരപ്പൻപൊയിൽ സ്വദേശി കുറുന്തോട്ടി കണ്ടിയിൽ മുഹമ്മദ് ഷാഫിയെയും ഭാര്യയെയും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയത്. ഭാര്യയെ പിന്നീട് വഴിയിൽ ഇറക്കി വിട്ടെങ്കിലും ഷാഫിയെ 10 ദിവസത്തോളം സംഘം തടങ്കലിൽ പാർപ്പിച്ചിരുന്നു. ഈ കേസിൽ ഏഴുപേരെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു.
തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട പ്രധാന പ്രതി ഇഖ്ബാൽ അടക്കം ഏഴുപേരെ ഇനിയും പിടികൂടാനുണ്ട്. കൃത്യം നടത്താനായി ഗൾഫിൽ നിന്നും എത്തിയ കുപ്രസിദ്ധഗുണ്ട ആട് ഷമീർ സംഭവത്തിന് ശേഷം നേപ്പാൾ വഴി തിരികെ ദുബായിലേക്ക് പോയിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം ഇയാൾ വയനാട് പൊഴുതനയിലെ സ്വകാര്യ റിസോർട്ടിൽ എത്തിയിട്ടുണ്ടെന്ന വിവരം കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പ് സാമിക്ക് ലഭിച്ചത്. തുടർന്ന് താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടിയിലിന്റെ നേതൃത്വത്തിൽ നടത്തിയ തെരിച്ചിലിനിടെ ഷമീറിനെ കാറിൽ നിന്നും പിടികൂടുകയായിരുന്നു.
കാറിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഇതേ തുടർന്ന് കൽപ്പറ്റ പൊലീസ് സ്ഫോടക വസ്തു കൈവശം വെച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷമീറിനൊപ്പം കാറിൽ നിന്നും പിടികൂടിയ കൊണ്ടോട്ടി സ്വദേശി കോട്ടപ്പുറം സാജിദിനെ കൽപ്പറ്റ പൊലീസിന് കൈമാറി. പോലീസിനെ കണ്ട് കാറിൽ നിന്നും ഓടി രക്ഷപ്പെട്ട മറ്റു രണ്ടുപേർക്കായി തെരച്ചിലും തുടങ്ങി. എറണാകുളത്തെ കുപ്രസിദ്ധ കുറ്റവാളി മോനായി ഗൾഫിൽ വെച്ച് നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആട് ഷമീറിന്റെ നേതൃത്വത്തിൽ ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.