കോട്ടയം:ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം. കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ആണ് ആശങ്കയുണ്ടാക്കുന്ന സംഭവം. പുലർച്ചെ രണ്ടു തവണ ശബ്ദം കേട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച ശബ്ദം തുടർച്ചയായി കേട്ടത് ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടന്നിരുന്നു. എന്നാൽ പ്രദേശത്ത് സംസ്ഥാന ജിയോളജി വകുപ്പിന്റെ പ്രാഥമിക പരിശോധന മാത്രമായിരുന്നു നടന്നത്. സെന്റർ ഫോർ എർത്ത് സയൻസിന്റെ പരിശോധന നടന്നില്ല. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ തവണ ശബ്ദം ഉണ്ടായപ്പോൾ ഭൂമിക്കടിയിലുണ്ടാകുന്ന പ്രതിഭാസം എന്നായിരുന്നു ജിയോളജി വകുപ്പ് പറഞ്ഞത്. കുടുതൽ വിദഗ്ധ പഠനത്തിനായി ഭൗമശാസ്ത്ര വകുപ്പിലെ വിദഗ്ധരെത്തി പഠനം നടത്തിയാൽ മാത്രമേ എന്താണ് കൃത്യമായ കാരണമെന്ന് വ്യക്തമാവൂ എന്നാണ് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞത്. പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. വിദഗ്ധരെത്തി എന്താണ് കാരണമെന്ന് കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.