Share this Article
സഹകരണസംഘം സെക്രട്ടറിയായ യുവതി മരിച്ചനിലയില്‍; കുറിപ്പ് കണ്ടെത്തി; കേസെടുത്തു
വെബ് ടീം
posted on 14-09-2024
1 min read
SANDHYA

തിരുവനന്തപുരം: സഹകരണസംഘം സെക്രട്ടറിയായ യുവതിയെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെളിക്കച്ചാല്‍ ക്ഷീരോല്പാദക സഹകരണസംഘം സെക്രട്ടറിയും നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശിനിയുമായ സന്ധ്യ(36)യെയാണ് ഭര്‍ത്താവിന്റെ അനുജന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യചെയ്‌തെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച വൈകീട്ടാണ് സന്ധ്യയും ഭര്‍ത്താവ് വിശാഖും ഇളയമകനും ഭര്‍തൃസഹോദരന്റെ വീട്ടിലെത്തിയത്. സാമ്പത്തികതര്‍ക്കവുമായി ബന്ധപ്പെട്ട് ഇവിടെ ചില ചര്‍ച്ചകള്‍ നടന്നതായി പറയപ്പെടുന്നു. ശേഷം സന്ധ്യ ഉറങ്ങാനായി പോയി. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഭര്‍ത്താവ് നോക്കിയപ്പോളാണ് സന്ധ്യയെ സീലിങ് ഫാനില്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.സന്ധ്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായാണ് വിവരം. 16 വര്‍ഷമായി തെളിക്കച്ചാല്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിലാണ് സന്ധ്യ ജോലിചെയ്യുന്നത്. സംഘത്തിലും ചില സാമ്പത്തിക ഇടപാടുകള്‍ നടന്നതായി പറയുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സന്ധ്യയുടെയും ഭര്‍ത്താവിന്റെയും പേരിൽ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പായിരുന്നു വിശാഖിനെ സന്ധ്യ വിവാഹംകഴിച്ചത്. സന്ധ്യയുടെ രണ്ടാംവിവാഹമായിരുന്നു ഇത്. യുവതിക്ക് രണ്ട് മക്കളുണ്ട്.

സംഭവത്തില്‍ നെടുമങ്ങാട് പോലീസ് കേസെടുത്തു. ആര്‍.ഡി.ഒ. എത്തിയശേഷം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories