തൃശൂര്‍ മംഗലന്‍ നിവാസികള്‍ തിരികെ വീടുകളിലേക്ക്. പ്രദേശത്തെ വീടുകളില്‍ വെളളം കയറിയതിനെതുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയ നിവാസികളാണ് തിരികെ വീടുകളിലേക്ക് മടങ്ങിയത്.
തൃശൂര്‍ പരിയാരം പഞ്ചായത്തിലെ മംഗലന്‍ പ്രദേശത്തെ ജനങ്ങള്‍ ചെറിയൊരു മഴ പെയ്താല്‍ പോലും ആശങ്കയിലാണ്. മംഗലം പ്രദേശം പുഴയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ മഴ പെയ്താല്‍ ഇവിടേക്കാണ് ആദ്യം വെളളം കയറുന്നത്. വെള്ളം കയറുന്നത് പതിവായതോടെ ഇവിടെയുള്ള 21 വീട്ടുകാരില്‍ പലരും മറ്റുസ്ഥലങ്ങളിലേക്ക് താമസം മാറി.
ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകി കടുങ്ങാട് തോടില്‍ വെള്ളം കയറിയാല്‍ പ്രദേശം മുഴുവനായി വെളളത്തിലാകും. എന്നാല്‍ കഴിഞ്ഞ ആഴ്ച രാത്രിയിലും മംഗലം പ്രദേശത്ത് വള്ളം കയറിയിരുന്നു. തോടിനോട് ചേര്‍ന്നുള്ള രണ്ട് വീടുകളിലേക്കും വെള്ളം കയറിയതോടെ വീട്ടുകാരെ മാറ്റിപാര്‍പ്പിച്ചു.
18 വീട്ടുകാരും കയ്യില്‍ കിട്ടിയതൊക്കെ വാരിക്കൂട്ടി പരിയാരം സെന്റ് ജോര്‍ജ് സ്‌കൂളിലെ ക്യാമ്പിലേക്ക് മാറി. ക്യാമ്പിലേക്ക് മാറിയവരെല്ലാം കഴിഞ്ഞ ദിവസമാണ് വീടുകളിലെത്തിയത്. നാലടിയോളം ഉയരത്തില്‍ വീടുകളില്‍ വെള്ളം കയറിയിരുന്നു.
കട്ടില്‍, കിടക്ക, അലമാര തുടങ്ങിയവയെല്ലാം നശിച്ചു. വീട്ടിലെ പാത്രങ്ങളില്‍ പലതും പറമ്പുകളിലും റോഡുകളിലും ചിതറി കിടക്കുകയും ഗൃഹോകരണങ്ങള്‍ പൂര്‍ണമായും നശിക്കുകയും ചെയ്തു.എന്നാല്‍ ഇവിടുത്തുകാര്‍ ഇപ്പോള്‍ വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിലാണ്.
ഈ പ്രദേശത്ത് 2018ല പ്രളയത്തില്‍ 20 അടി ഉയരത്തില്‍ വെള്ളം കയറിയിരുന്നു . ഇത്തവണയും വലിയ നഷ്ടമാണ് ഓരോ കുടുംബത്തിനും സംഭവിച്ചിരിക്കുന്നത്. മഴ പെയ്താല്‍ നെഞ്ചിടിപ്പ് കൂടുന്ന ഇവിടത്തുകാര്‍ക്ക് മഴ മാറിയാലും പ്രതിസന്ധി ഒഴിയുന്നില്ല. പല വീടുകളിലും ഇഴജന്തുക്കളും കയറികൂടിയിട്ടുണ്ട്.