Share this Article
സർക്കിൾ ഇൻസ്‌പെക്ടർ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യവകുപ്പ്
വെബ് ടീം
posted on 09-08-2024
1 min read
dead-centipedes-in-chicken-biriyani-bought-from-hotel

പത്തനംതിട്ട: ഭക്ഷണപ്പൊതികളിൽ പ്രത്യേകിച്ച് ഹോട്ടലുകളിൽ നിന്ന് വാങ്ങുന്നവയിൽ ഈച്ചയും പല്ലിയും ഒക്കെയും കിടക്കുന്നത് സമീപകാലത്ത് ഒരുപാട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തവണ പഴുതാര ആണ് വില്ലൻ. കിട്ടിയത് ബിരിയാണിയിൽ നിന്നും. അവിടം കൊണ്ടും തീരുന്നില്ല.കിട്ടിയതാർക്കെന്നത് ജീവനുണ്ടെങ്കിൽ പഴുതാര പോലും ഒന്ന് പേടിക്കും.  തിരുവല്ലയിൽ ഹോട്ടലിൽ നിന്നും സിഐ വാങ്ങിയ ബിരിയാണിയിൽ ആണ്  ചത്ത പഴുതാരയെ കിട്ടിയത്. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല പുളിക്കീഴ് ജം​ഗ്ഷനിലെ സിഐ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. പകുതിയോളം ബിരിയാണി കഴിച്ച ശേഷമാണ് സിഐ പഴുതാരയെ കണ്ടത്. ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തി പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു.

സ്റ്റേഷനിലെ ഡ്യൂട്ടിക്കിടയിലാണ്  ഉച്ചയ്ക്ക് കഴിക്കാനായി സിഐ ചിക്കൻ ബിരിയാണി വാങ്ങിയത്. പകുതി ഭക്ഷണം കഴിച്ച ശേഷമാണ് പഴുതാരയെ കണ്ടതെന്ന് സിഐ വ്യക്തമാക്കുന്നു. ഉടൻ തന്നെ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിച്ചു. സിഐയിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് രേഖാമൂലം പരാതിയും എഴുതി വാങ്ങിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഇവരുടെ ലൈസൻസ് അവസാനിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തെളിവടക്കം സിഐ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories