മദ്യശാല അടച്ച ശേഷം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം വാങ്ങാൻ ശ്രമിച്ച നാലുപേർ കസ്റ്റഡിയിൽ. കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് പിടിയിലായത്. എയർ ഗൺ ചൂണ്ടിയാണ് ഇവർ പരിഭ്രാന്തി സൃഷ്ടിച്ചത്.
തൃശൂർ പൂത്തോളിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൺസ്യൂമർ ഫെഡിന്റെ ഔട്ട്ലെറ്റിൽ ഒൻപത് മണിക്ക് ശേഷം ഇവർ മദ്യം വാങ്ങാൻ എത്തുകയായിരുന്നു. സമയം കഴിഞ്ഞതിനാൽ മദ്യശാലയുടെ ഷട്ടർ പാതി അടച്ച നിലയിലായിരുന്നു.
ഇതിനിടെ ഇവർ ഷട്ടറിൽ മുട്ടി മദ്യം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. സമയം കഴിഞ്ഞ വിവരം ജീവനക്കാർ ഇവരോട് പറഞ്ഞപ്പോൾ മദ്യം കിട്ടാതെ പോകില്ലെന്ന് പറന്ന് സംഘം ജീവനക്കാരോടു കയർക്കുകയും എയർ ഗൺ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. വെസ്റ്റ് പൊലീസ് എത്തിയപ്പോഴേക്കും നാല് പേരും സ്ഥലം വിട്ടിരുന്നു. തുടർന്നു ബാറുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം അരമന ബാറിൽ നിന്നു പിടിയിലായത്.