തിരുവനന്തപുരം: പിതാവിനും സഹോദരനുമൊപ്പം പുഴയില്‍ കുളിക്കുകയായിരുന്ന പതിമൂന്നുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വട്ടിയൂര്‍ക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയിന്‍കീഴ് മഠത്തിങ്ങല്‍ക്കര അനൂപ് ഭവനില്‍ അനില്‍കുമാറിന്റെ മകന്‍ അരുണ്‍ (13) ആണ് മരിച്ചത്.പിതാവ് അനില്‍കുമാറും മൂത്തമകന്‍ കൃഷ്ണപ്രസാദുമൊത്ത് കടവില്‍ കുളിക്കുന്നതിനിടെ ഇളയമകന്‍ അരുണ്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അനില്‍കുമാറിന്റെയും കൃഷ്ണപ്രസാദിന്റെയും നിലവിളി കേട്ട് നാട്ടുകാര്‍ എത്തി കുട്ടിയെ രക്ഷാപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തി കുട്ടിയെ കണ്ടെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. അനില്‍കുമാര്‍ രണ്ടാഴ്ച മുന്‍പാണ് വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയത്.
മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അരുണ്‍. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും. വട്ടിയൂര്‍ക്കാവ് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. ദീപാറാണിയാണ് അരുണിന്റെ മാതാവ്.