തൃശൂരില്‍ എല്‍ഡിഎഫിന് കരുവന്നൂര്‍ സഹകരണ ബാങ്ക് പ്രശ്‌നം തിരിച്ചടി ആയെന്ന് സിപിഐ. തോല്‍വിയുടെ കാരണം വിശദമായി പരിശോധിക്കണമെന്ന് ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ആവശ്യപ്പെട്ടു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെ വലിയ ചർച്ചയായതോടെ തൃശൂരിലെ ഇടത് മുന്നണിയുടെ തോൽവിക്ക് അത് ആക്കം കൂട്ടിയെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ്.കരുവന്നൂർ മാത്രമല്ല മറ്റു വിഷയങ്ങളും ഇടത് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിൻ്റെ തോൽവിക്ക് ഇടയാക്കിയെന്നും സംസ്ഥാനത്താകെ ഇടത് മുന്നണിക്ക് എതിരായ ജനവിധിയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂരിലെ ജനവിധി ബി.ജെ.പിക്ക് അനുകൂലമായതാണ് പ്രശ്നം. മറ്റ് മണ്ഡലങ്ങളിലെല്ലാം കോൺഗ്രസിന് വോട്ട് വർധിച്ചപ്പോൾ തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വോട്ട് വർധനവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധന നടത്തും.കാലാകാലങ്ങളിൽ ഇടത് വലത് മുന്നണികളെ ചേർത്ത് പിടിച്ച വോട്ടർമാർ എങ്ങനെ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തെന്ന് സി.പി.ഐ.എമ്മും, സി.പി.ഐയും അഭ്യന്തര പരിശോധന നടത്തണമെന്നും കെ.കെ.വത്സരാജ് പറഞ്ഞു.സി.പി.ഐ.എം ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തി എന്നാരോപിക്കുന്ന കോൺഗ്രസിൻ്റെ വോട്ട് എവിടേക്ക് പോയെന്ന് പറയണമെന്നും വത്സരാജ് ആവശ്യപ്പെട്ടു.