Share this Article
ആറ്റിലേക്ക് ഓട്ടോ മറിഞ്ഞ് അപകടം; കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
വെബ് ടീം
posted on 04-09-2023
1 min read
body of missing three year old boy found

ആലപ്പുഴ: അഞ്ച് പേർ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്കു മറിഞ്ഞ് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ മരിച്ച ചെങ്ങന്നൂര്‍ വെണ്‍മണി പാറചന്ത വലിയപറമ്പില്‍ ആതിര എസ് നായരുടെ ഇളയ മകന്‍ കാശിനാഥാണ് മരിച്ചത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെ വൈകിട്ട് 5.45ന് മാവേലിക്കര കുന്നം ചാക്കോ റോഡില്‍ കൊല്ലകടവ് പാലത്തിനു പടിഞ്ഞാറു കല്ലിമേല്‍ ഭാഗത്തായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ 3 പേരെ രക്ഷപ്പെടുത്തി. എന്നാല്‍ ആതിര അപകടത്തില്‍ മരിക്കുകയും കാശിനാഥിനെ കാണാതാവുകയുമായിരുന്നു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആതിരയുടെ ഭര്‍ത്താവ് ഷൈലേഷ് (അനു 43), മകള്‍ കീര്‍ത്തന (11), ഓട്ടോറിക്ഷ ഡ്രൈവര്‍ വെണ്‍മണി പ്ലാവുനില്‍ക്കുന്നതില്‍ ലെബനോയില്‍ സജു (45) എന്നിവരെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. 

ഒഴുക്കു ശക്തമായതിനാല്‍ ഇന്നലെ രാത്രി ഒന്‍പതോടെ കാശിനാഥിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കരയംവട്ടത്തു നിന്നു വെണ്‍മണിയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു കുടുംബം. സംഭവം നടക്കുമ്പോള്‍ പ്രദേശത്തു മഴയുണ്ടായിരുന്നു. 

നാട്ടുകാരാണ് ഇന്നലെ ആറ്റില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഷൈലേഷ്, കീര്‍ത്തന, സജു എന്നിവരെ കരയ്‌ക്കെത്തിച്ച ശേഷമാണ് ആതിരയും കാശിനാഥും ഓട്ടോറിക്ഷയില്‍ ഉണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ആതിരയെ കണ്ടെത്തി ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്‌കൂബ ടീമും അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണു കാശിനാഥിനായി തിരച്ചില്‍ നടത്തിയത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories