Share this Article
പെട്രോള്‍ പമ്പ് ജീവനക്കാരനെ ബോണറ്റില്‍ തൂക്കി കാറോടിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍
വെബ് ടീം
posted on 15-07-2024
1 min read
policeman-assaulted-petrol-pump-employee-arrest

കണ്ണൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനെ ബോണറ്റില്‍ തൂക്കി കാറോടിച്ച സംഭവത്തില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. എആര്‍ ക്യാമ്പിലെ ഡ്രൈവറായ സന്തോഷ് കുമാറിനെ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തിരുന്നു.

ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലെ ജീവനക്കാരനോടാണ് പൊലീസുകാരന്‍ അതിക്രമം കാണിച്ചത്. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. പമ്പില്‍ പെട്രോള്‍ അടിക്കാന്‍ എത്തിയതായിരുന്നു സന്തോഷ്‌കുമാര്‍. 2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. ഫുള്‍ടാങ്ക് അടിച്ച ശേഷം 1900 രൂപ നല്‍കി. ബാക്കി 200 രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. പണം ആവശ്യപ്പെട്ടപ്പോള്‍ വേണമെങ്കില്‍ കാറില്‍ നിന്ന് തിരിച്ചെടുത്തോയെന്നായിരുന്നു മറുപടി. പണം നല്‍കാതെ പോകാനുള്ള ശ്രമം പമ്പ് ജീവനക്കാരന്‍ അനില്‍കുമാര്‍ തടഞ്ഞു. കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന അനിലുമായി ഇയാള്‍ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ വരെ സഞ്ചരിച്ചു.

സംഭവത്തില്‍ പൊലീസുകാരനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.കഴിഞ്ഞ ഒക്ടോബറില്‍ സന്തോഷ് സിവില്‍ സ്റ്റേഷന് മുന്നിലെ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിന്റെ നിയന്ത്രണം വിട്ടു എന്നാണ് കാരണം പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories