ജനങ്ങളെ ഭീതിയിലാക്കി കുന്നിന്‍മുകളില്‍ നിന്ന് ഉഗ്രശബ്ദം. പാലക്കാട് ഓങ്ങല്ലൂര്‍ മേഞ്ചിത്തറ പ്രദേശത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന കുന്നില്‍ നിന്നാണ് രാത്രിയില്‍ വലിയ പ്രകമ്പനം ഉണ്ടായത്. നാട്ടുകാരുടെ പരാതിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
പാലക്കാട് ഓങ്ങല്ലൂര്‍ നിവാസികള്‍ ഭയത്തോടെയാണ് ഉറങ്ങാന്‍ കിടക്കുന്നത്. രാത്രിയില്‍ കേള്‍ക്കുന്ന ഉഗ്ര ശബ്ദമാണ് ഓങ്ങല്ലൂര്‍ക്കാരുടെ ഉറക്കം കെടുത്തുന്നത്. മേഖലയിലെ കുന്നിന്‍മുകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കരികില്‍ നിന്നാണ് ഉഗ്ര ശബ്ദം ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഇത്തരത്തില്‍ ഉഗ്ര ശബ്ദം ഉണ്ടായതോടെ പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വതിലുള്ള പോലീസ് സംഘം, പട്ടാമ്പി തഹസില്‍ദാരുടെ നേതൃത്വതിലുള്ള റവന്യു സംഘം, ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തി.
മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥര്‍ കുന്നിലും ക്വാറികളിലും പരിശോധന നടത്തി. പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി രജീഷ് പറഞ്ഞു.
നിരവധി ക്വാറികളാണ് പ്രദേശത്തെ കുന്നിന്‍ മുകളില്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ഇത്തരം ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി വലിയൊരു ദുരന്തത്തില്‍ നിന്ന് ഒരു നാടിനെ രക്ഷിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപെടുന്നത്.