തൃശൂർ മറ്റത്തൂര്‍ ഇഞ്ചക്കുണ്ടില്‍ കാട്ടാന കൂട്ടത്തിന്റെ വിളയാട്ടം.. കാട്ടാനയുടെ മുന്‍പില്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി. പ്രദേശത്തെ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം വിതച്ചത് വലിയ നാശനഷ്ടമാണ്...
പുതുക്കാടുള്ള സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്ന് ടൂര്‍ പോകുന്നതിനായി പുലര്‍ച്ചെ നാലിന് റോഡിലേക്ക് എത്തിയപ്പോഴാണ് കാട്ടാനയെ കണ്ടത്. വഴിവിളക്കിന്റെ വെളിച്ചത്തില്‍ കാട്ടാനയെ കണ്ടതിനാല്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് ഈ മേഖലയില്‍ കാട്ടാനകള്‍ കൂട്ടമായെത്തിയത്. രാത്രി എത്തിയ കാട്ടാനകള്‍ ഞായറാഴ്ച പുലര്‍ച്ചെ വരെയും മേഖലയില്‍ തമ്പടിക്കുകയായിരുന്നു.
പാട്ട്കര ഷെരീഫ്, മുല്ലക്കുന്നേല്‍ ജോണി എന്നിവരുടെ കൃഷിയിടങ്ങളിലെ നിരവധി തെങ്ങും കവുങ്ങും കൂടാതെ ഇഞ്ചി കൃഷിയും കാട്ടാനകള്‍ നശിപ്പിച്ചു. എടത്തനാടന്‍ കൊച്ചുത്രേസ്യയുടെ വീടിന്റെ മുന്‍വശത്താണ് ആനക്കൂട്ടം ഇറങ്ങിയത്.
വിവരമറിഞ്ഞ് കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധന്‍ കാരയിലിന്റെ നേതൃത്വത്തില്‍ വെള്ളിക്കുളങ്ങര പ്രകൃതിസംരക്ഷണ സമിതി സെക്രട്ടറി പൈങ്കയില്‍ സജീവ് കുമാര്‍, പ്രസിഡന്റ് ജോസഫ് കുപ്പപ്പിള്ളി, പീയൂസ് ഇഞ്ചക്കുണ്ട്, എ.ബി. പ്രിന്‍സ്, ആന്റു ചെമ്മിഞ്ചേരി, എഡ്‌വിന്‍, നൗഷാദ്, ബൈജു, ബിജു, ഉമ്മര്‍ എന്നിവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുവാനും തീരുമാനിച്ചു.