കൊച്ചി: ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി.അതിജീവിതമാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം.സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അന്വേഷിക്കാനും നിർദേശമുണ്ട്.
ഹേമകമ്മിറ്റിയുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് പരിശോധിച്ചെന്ന് വ്യക്തമാക്കിയ കോടതി കമ്മീഷന് മുമ്പാകെ നൽകിയ മൊഴികള്‍ പലതും കേസെടുക്കാവുന്ന കുറ്റങ്ങളാണെന്നും നിരീക്ഷിച്ചു.ഭാരതീയ നാഗരിക സുരക്ഷ നിയമം 173 അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.കമ്മീഷന് മുമ്പാകെ മൊഴി നൽകിയ അതിജീവിതരുടെ സ്വകാര്യത ഉറപ്പാക്കണമെന്നും മൊഴി നല്‍കിയവരുടെ പേര് വിവരങ്ങള്‍ പുറത്ത് വരരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. എഫ്‌ഐആറില്‍ പേര് മറയ്ക്കണം.എഫ്‌ഐആറിന്റെ പകര്‍പ്പ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യരുത്. പകര്‍പ്പ് അതിജീവിതര്‍ക്ക് മാത്രമേ നല്‍കാവൂ എന്നും കോടതി നിർദ്ദേശിച്ചു.അതിജീവിതരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കരുത്.സാക്ഷികള്‍ സഹകരിക്കുന്നില്ലെങ്കില്‍ നിയമാനുസൃതം തീരുമാനമെടുക്കാം.
അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.സിനിമ മേഖലയിലെ ലഹരി ഉപയോഗം അന്വേഷിക്കാനും കോടതി നിര്‍ദേശം നൽകി.ലഹരി ഉപയോഗം കണ്ടെത്തിയാൽ പ്രത്യേകസംഘം നിയമാനുസൃതം കേസെടുക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.