ആലപ്പുഴയിൽ വയോധിക തലയ്ക്കടിയേറ്റു മരിച്ചനിലയിൽ. തിരുവമ്പാടി കല്ലുപുരയ്ക്കൽ ലിസി (65) ആണു മരിച്ചത്. ലിസിയുടെ ഭർത്താവ് പൊന്നപ്പനെ സമീപത്തു കൈഞരമ്പു മുറിച്ച നിലയിൽ കണ്ടെത്തി. ഇയാൾക്കു മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ലിസിയും പൊന്നപ്പനും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മകൻ ചേർത്തലയിൽ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു.
ഓൺലൈനിൽ ഫുഡ് ഓർഡർ ചെയ്തിട്ട് ആരും വാങ്ങാതെ വന്നപ്പോൾ ഡെലിവറി ബോയി മകനെ വിളിച്ചു പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മകൻ സമീപത്തു താമസിക്കുന്ന ബന്ധുക്കളെ വിളിച്ചു അന്വേഷിക്കാൻ പറഞ്ഞപ്പോഴാണു തലയ്ക്കടിയേറ്റ നിലയിൽ ലിസിയേയും കൈഞരമ്പു മുറിച്ച നിലയിൽ പൊന്നപ്പനേയും കണ്ടെത്തിയത്. സൗത്ത് പൊലീസെത്തി ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലിസി മരിച്ചിരുന്നു.