ഗീതയേയും വിഷ്ണുവിനേയും പുതു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി മുസ്ലീം ലീഗ്. പാലക്കാട് സ്വദേശിനിയായ ഗീതയുടെയും, കോഴിക്കോട് കുന്നമംഗലം സ്വദേശി വിഷ്ണുവിന്റേയും വിവാഹമാണ് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നടന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയോടും സഹോദരിയോടുമൊപ്പം റോസ് മനാറിലെത്തിയ ഗീതയുടെ കല്യാണം ആലോചിച്ചതും, തീരുമാനിച്ചതും, നടത്തിയതുമൊക്കെ വേങ്ങര മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. സ്വന്തക്കാരാരുമില്ലാത്തെ ഇവിടത്തെ പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ നാട്ടുകാര്‍ ഏറ്റെടുത്ത് നടത്താറാണ് പതിവ്. ഓരോ കല്യാണങ്ങളും നാടിന്റെ ആഘോഷമായി മാറുന്ന കാഴ്ച്ചയാണ് കണ്ട് വരുന്നത്. 2017 ലും കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ കല്യാണം സംഘടിപ്പിച്ചിരുന്നു.
പല കാരണങ്ങളാല്‍ ഒറ്റപ്പെട്ട് പോവുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും താമസിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് എം ഇ ട്രസ്റ്റിന് കീഴിലുള്ള റോസ് മനാര്‍. അന്തേവാസികള്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷമായി ഭക്ഷണം നല്‍കി വരുന്നത് വേങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ്. ക്ഷേത്രപൂജാരി ആനന്ദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. പ്രദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മഹല്ല് ഭാരവാഹികളും അമ്പല കമിറ്റി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി , മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സി.പി.ഐഎം മലപ്പുറം ജില്ല സെക്രട്ടറി ഇ.എം മോഹന്‍ദാസ്, മലപ്പുറം ജില്ല കോണ്‍ഗ്രസ് പ്രസിഡണ്ട് വി.എസ് ജോയി എന്നിവരും വിവാഹ ചടങ്ങിനെത്തി. വിവാഹ സല്‍ക്കാരത്തിന് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കി