Share this Article
കയറ്റുമതി പച്ചക്കറി സൂക്ഷിക്കാൻ കരിപ്പൂർ വിമാനത്താവളത്തിൽ സംവിധാനമൊരുക്കും; നടപടി കേരളവിഷൻ വാർത്തയെ തുടർന്ന്
വെബ് ടീം
posted on 02-07-2024
1 min read
vegetables-and-fruits-to-be-shipped-abroad-perish-at-airport KERALAVISION IMPACT

കോഴിക്കോട്; വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ എത്തിച്ച പച്ചക്കറികൾ  കരിപ്പൂർ വിമാനത്താവളത്തിൽ മഴ നനഞ്ഞ നശിച്ച സംഭവത്തിൽ നടപടി. പച്ചക്കറികൾ മഴ നനയാതെ സൂക്ഷിക്കാൻ നടപടി സ്വീകരിക്കും. കേരള വിഷൻ ന്യൂസ് വാർത്തയെ തുടർന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഇടപെട്ട് എയർപോർട്ട് ഡയറക്ടറോട് വിശദീകരണം തേടിയതോടെയാണ് നടപടിക്ക് വഴിയൊരുങ്ങിയത്. കേരളത്തിൽനിന്ന് ഏറ്റവുംകൂടുതൽ പച്ചക്കറി കയറ്റിയയക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിലാണ് ഈ സ്ഥിതി. കഴിഞ്ഞദിവസത്തെ മഴയിലും 15 ലക്ഷത്തിലധികം രൂപയുടെ പച്ചക്കറിയാണ് നശിച്ചത്.

മഴനനഞ്ഞ് പാക്കിങ് ഉൾപ്പെടെ നശിക്കുന്നതോടെ ഇത് കയറ്റിയയക്കാൻ പറ്റാതാവുകയും പ്രാദേശികവിപണിയിൽ പാതിവിലയ്ക്ക് വിറ്റഴിക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥയാണെന്ന് കയറ്റുമതിക്കാർ പറയുന്നു. 

കേരള വിഷൻ ന്യൂസ് ഇന്നലെ രാവിലെ നൽകിയ ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് കരിപ്പൂർ വിമാനത്താവളം ഉൾക്കൊള്ളുന്ന മലപ്പുറം ലോക്സഭാ മണ്ഡലം ജനപ്രതിനിധിയായ ഇ.ടി.മുഹമ്മദ് ബഷീർ എംപി വിഷയത്തിൽ ഇടപെട്ടത്. വിമാന കമ്പനി ജീവനക്കാരുടെ അനാസ്ഥ കാരണം കഴിഞ്ഞ ദിവസം കയറ്റുമതിക്കായി എത്തിച്ച പച്ചക്കറികൾ നശിച്ച് രാജ്യത്തിന് ലഭിക്കേണ്ടിയിരുന്ന വിദേശ നാണ്യം നഷ്ടപ്പെടുന്നതിലേക്ക് വഴിതുറന്ന് സംഭവത്തെക്കുറിച്ച് എം.പി. വിമാനത്താവള ഡയറക്ടറോട് വിശദാംശങ്ങൾ തേടി. വാർത്ത ശരിവെച്ച വിമാനത്താവള ഡയറക്ടർ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പു നൽകുകയായിരുന്നു. മഴ കൊള്ളാത്ത വിധത്തിൽ സാധനങ്ങൾ സൂക്ഷിക്കാൻ  കരിപ്പൂർ വിമാനത്താവളത്തിൽ സംവിധാനമൊരുക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ഉറപ്പു നൽകിയതായി ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.  


വിമാനത്താവള അധികൃതർ കണ്ണു തുറക്കുന്നതോടെ ദക്ഷിണേന്ത്യയിലെ പച്ചക്കറി കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ ആശ്വാസമാണ് ലഭിക്കുക. പ്രധാനമന്ത്രിയുടെ വൺ ഡിസ്ട്രിക്ട് വൺ പ്രൊജക്റ്റ് പദ്ധതി പ്രകാരം പച്ചക്കറി കയറ്റുമതിക്ക് തെരഞ്ഞെടുത്ത ജില്ല കോഴിക്കോട് ആണ്. അതുകൊണ്ടുതന്നെ ഊട്ടി, മൈസൂരു, നഞ്ചൻകോട് എന്നിവിടങ്ങളിൽ നിന്നും ഗൾഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കരിപ്പൂർ വിമാനത്താവളം വഴിയായിരുന്നു പച്ചക്കറി കയറ്റി അയച്ചിരുന്നത്. അവ സൂക്ഷിക്കാൻ മതിയായ സംവിധാനം ഇല്ലാത്തതോടെ കയറ്റുമതി കുറഞ്ഞിരുന്നു. എന്നാൽ പ്രശ്നത്തിന് ശാശ്വത പരിഹാരം വരുന്നതോടെ കരിപ്പൂർ വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതി വീണ്ടും സജീവമാകും. 

കൊച്ചി വിമാനത്താവളത്തിന്റെയത്ര സൗകര്യങ്ങളോ വലിയ വിമാനങ്ങളുടെ സർവീസോ ഇല്ലാതിരുന്നിട്ടും ഈ വർഷം ജനുവരിമുതൽ മാർച്ചുവരെ 4345 ടണ്ണാണ് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഇവയുടെ കയറ്റുമതി. 2023-ൽ ഇതേസമയത്ത് 3645.889 ടൺ കയറ്റുമതിയുണ്ടായിരുന്ന സ്ഥാനത്താണിത്. കിലോഗ്രാമിന് ഏകദേശം 50 മുതൽ 85 രൂപ വരെ എയർലൈൻസിന് നൽകിയാണ് സാധനങ്ങൾ കയറ്റിയയക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories