തൃശൂർ മുളങ്കുന്നത്ത് കാവിൽ സ്പെയർ പാർട്സ് ഗോഗൗണിൽ വൻ അഗ്നിബാധ. പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. നെന്മാറ സ്വദേശിയായ വെൽഡിംഗ് തൊഴിലാളി ലിബിൻ ആണ് മരിച്ചത്. തൃശൂർ ഉൾപ്പടെയുള്ള നിലയങ്ങളിൽ നിന്നുമുള്ള ഏഴ് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്...
മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ഓട്ടോനിറ്റി എന്ന പേരിൽ പ്രവർത്തിക്കുന്ന സ്പെയർ പാട്സ് ഗോഡൗണിലാണ് ഇന്നലെ വൈകിട്ട് ഏഴരയോടെ തീ പിടുത്തം ഉണ്ടായത്. സ്ഥാപനത്തിലെ തൊഴിലാളികൾ പോയ ശേഷം കെട്ടിടം നവീകരിക്കുന്നതിൻ്റെ ഭാഗമായി എത്തിയ വെൽഡിംഗ് തൊഴിലാളികളാണ് ആദ്യം തീ പിടിച്ച കാര്യം അറിഞ്ഞത്.
പാലക്കാട് നെന്മാറ സ്വദേശിയായ ലിബിൻ അടക്കമുള്ളവർ ആദ്യം വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. എന്നാൽ ഈ സമയം വലിയ പൊട്ടിത്തെറിയോടെ തീ ആളിപ്പടരുക ആയിരുന്നു.
സുഹൃത്തുക്കൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും കെട്ടിടത്തിനുള്ളിൽ ലിബിൻ കുടുങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ തൃശൂരിൽ നിന്നടക്കമുള്ള ഏഴ് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. എന്നാൽ ഈ സമയത്തിന് ഉള്ളിൽ തന്നെ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങിയ ലിബിൻ മരിച്ചിരുന്നു.
തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ ലിബിൻ്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് മൃതദ്ദേഹം വിട്ടു നൽകും. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടികളുടെ നഷ്ടം സംഭവിച്ചതയാണ് വിലയിരുത്തൽ. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.