12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത തൃശ്ശൂർ എരുമപ്പെട്ടി സ്വദേശിയായ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവും 13 വർഷം കഠിനതടവും 85,000 രൂപ പിഴയുമാണ് ശിക്ഷ. എരുമപ്പെട്ടി സ്വദേശി 50 വയസ്സുള്ള ശിവനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പൊക്സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചുകയറിയാണ് പ്രതി പന്ത്രണ്ട് വയസ്സുകാരിയായ കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തെ തുടർന്ന് ബന്ധുക്കള്‍ എരുമപ്പെട്ടി പോലീസിൽ നൽകിയ പരാതിയിൽ എരുമപ്പെട്ടി സബ് ഇൻസ്പെക്ടറായിരുന്ന ജോസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർമാരായ രാജേഷ് കെ മേനോൻ, സി ആർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ 18 സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകളും തൊണ്ടിമുതലകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ:കെഎസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഭിഭാഷകരായ അമൃത, അനുഷ,സഫ്ന എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെപി മധു, സോജുമോൻ എന്നിവർ പ്രവർത്തിച്ചിരുന്നു.