ആലപ്പുഴ: മറ്റപ്പള്ളിയില്‍ നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കല്‍. സര്‍വ കക്ഷി തീരുമാനം ലംഘിച്ചാണ് മണ്ണെടുക്കാന്‍ യന്ത്രങ്ങളുമായി സംഘം എത്തിയത്. മണ്ണെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കെയാണ് വീണ്ടും മണ്ണെടുക്കുന്നത്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നവംബര്‍ 13നാണ് മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നതിനെതിരായ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. സര്‍വകക്ഷി യോഗം വരെ സമരം അവസാനിപ്പിക്കുന്നതായാണ് മാവേലിക്കര എം.എല്‍.എ അരുണ്‍കുമാര്‍ പറഞ്ഞത്. അതേസമയം തനിക്ക് ഒരു സ്റ്റോപ് മെമ്മോയും ലഭിച്ചിട്ടില്ലെന്ന് കരാറുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മണ്ണെടുപ്പില്‍ ജില്ലാ കലക്ടര്‍ അന്വേഷണമാരംഭിച്ചിരുന്നു. മണ്ണെടുപ്പിന് മുമ്പ് പാലിക്കേണ്ട കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ അടക്കുമുള്ളത് പാലിച്ചിട്ടില്ലെന്ന കണ്ടെത്തല്‍ കഴിഞ്ഞ സര്‍വ്വകക്ഷി യോഗത്തിലുണ്ടായിരുന്നു. അതുകൊണ്ട് ഇത് പരിശോധിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.