Share this Article
ബസിനുള്ളിൽ സഹായംകിട്ടാതെ 3 മണിക്കൂർ, മദ്യപനെന്ന് കളിയാക്കലുകൾ; യാത്രയ്ക്കിടെ സ്ട്രോക്ക് വന്ന വയോധികനോട് ക്രൂരത; കേസെടുത്തു
വെബ് ടീം
posted on 26-11-2023
1 min read
strock came-during-the-bus-ride-and-denied-treatment-to-the-old-man-thinking-he-was-an-alcoholic

കണ്ണൂർ:ധര്‍മ്മശാലയില്‍ നിന്ന് കണ്ണൂരിലേക്ക് ബസില്‍ യാത്രചെയ്യുന്നതിനിടെ  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജീവനക്കാരന്‍കൂടിയായ ശ്രീധരന് ഉണ്ടായ അവസ്ഥ മലയാളിയുടെ പൊതുബോധത്തിന് നേർക്കുള്ള, മുൻവിധിയോടുള്ള ചോദ്യമാണ്. യാത്രയ്ക്കിടെ പെട്ടെന്ന് ആകെയൊരു ക്ഷീണം, എഴുന്നേല്‍ക്കാനാകുന്നില്ല, മുണ്ട് അഴിഞ്ഞുപോകുന്നു. ഇതോടെ ബസ് കണ്ണൂരിലെത്തിയിട്ടും അദ്ദേഹത്തിന് ഇറങ്ങാനായില്ല. നാവുകുഴഞ്ഞ്, സംസാരം അവ്യക്തമായതോടെ ശ്രീധരന്‍ മദ്യപാനിയാണെന്ന് കണ്ടക്ടര്‍ വിധിയെഴുതിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത് . അടിച്ച ബ്രാന്‍ഡ് ഏതാണെന്ന് ചോദിച്ച് ഇയാള്‍ പരസ്യമായി ശ്രീധരനെ അപമാനിക്കുകയും ചെയ്‌തെന്നും റിപ്പോർട്ടുണ്ട്.

ആളുകൾ ബസ്സിൽ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. സമയവും സഞ്ചരിച്ചു. ഇതിനിടെ കണ്ണൂരില്‍നിന്ന് ബസ് കാഞ്ഞങ്ങാടേക്ക് തിരിച്ച് യാത്ര ആരംഭിച്ചിരുന്നു. ശ്രീധരന്റെ പേഴ്‌സില്‍നിന്ന് പണമെടുത്ത് കണ്ടക്ടര്‍ കാഞ്ഞങ്ങാടേക്കുള്ള ടിക്കറ്റും മുറിച്ചു. മൂന്നു മണിക്കൂറിലേറെ നേരമാണ് അവശനായി അദ്ദേഹം ബസിനകത്ത് കഴിഞ്ഞത്. രാത്രി എട്ടുമണിയോടെ ബസ് കാഞ്ഞങ്ങാട് നിന്ന് തിരിച്ച് കണ്ണൂരെത്തി. അപ്പോഴും ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറാകാതിരുന്നതോടെ ബസ് സ്റ്റാന്‍ഡില്‍ തന്നെ കിടന്നു. പിന്നീട് അവിടെ നിന്ന് ആരുടെയോ സഹായത്തോടെ മകനെ വിളിച്ചു. 8.20-ഓടെ മകനെത്തിയാണ് ശ്രീധരനെ ആശുപത്രിയിലെത്തിച്ചത്.

സമയത്ത് ചികിത്സ നല്‍കാന്‍ കഴിയുമായിരുന്നെങ്കില്‍ ഒരു ഇന്‍ജക്ഷന്‍ കൊണ്ടു ഭേദമാവുമായിരുന്നുവെന്നാണ് ...' സ്‌ട്രോക്ക് വന്ന് ശരീരം തളര്‍ന്നുപോയ ശ്രീധരനോട് ഡോക്ടര്‍ പറഞ്ഞത്.

'അച്ഛന്റെ അവസ്ഥകണ്ട്, ആരെങ്കിലും വിളിക്കാന്‍ യാത്രക്കാരാരോ പറഞ്ഞപ്പോള്‍, അതിനൊന്നും സമയമില്ലെന്നും നിങ്ങളാരെങ്കിലും വന്ന് കൂട്ടിയിട്ടു പോകൂവെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. ആ പ്രവൃത്തിയോട് മനസുകൊണ്ട് ഒരിക്കലും യോജിക്കാനാവുന്നില്ല', ശ്രീധരന്റെ മകന്‍ പറഞ്ഞു.

സംഭവത്തില്‍ ബസ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories