ചേർത്തല: ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി രതീഷിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയുടെ സഹോദരിയെ പ്രതി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ അതേ വീടിനുള്ളിൽ തന്നെയാണ് ഇന്ന് രതീഷിനെ പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കടക്കരപ്പള്ളിയെ നടുക്കിയ സംഭവം 2021 ജൂലൈ 24 ആയിരുന്നു. രതീഷിന്റെ ഭാര്യ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയിരുന്നു. നൈറ്റ് ഡ്യൂട്ടിക്ക് പോയ സമയത്താണ് ഭാര്യയുടെ സഹോദരിയെ രതീഷിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.സംഭവദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ തങ്കി കവലയിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് രതീഷ് വിളിച്ചു കൊണ്ടുവന്നു. രാത്രിയായിട്ടും യുവതി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പട്ടണക്കാട് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രതീഷിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒളിവിൽപോയ രതീഷിനെ പൊലീസ് അന്ന് രാത്രിയിൽ പിടികൂടിയിരുന്നു. തുടർന്ന് ജയിലിൽ കഴിഞ്ഞ രതീഷ് ജാമ്യത്തിൽ ഇറങ്ങി. കേസിൽ മൂന്നു വർഷത്തിനു ശേഷം ഇക്കഴിഞ്ഞ ചൊവാഴ്ച ആലപ്പുഴ ജില്ല സെഷൻസ് കോടതി വിചാരണ തുടങ്ങി. എന്നാൽ രതീഷ് കോടതിയിൽ ഹാജരായില്ല. ഇന്ന് പുലർച്ചെ രതീഷിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രതീഷിന്റെ ഭാര്യ വിദേശത്താണ്. പട്ടണക്കാട് പൊലീസ് സ്ഥലത്തെത്തി.