കാസര്‍ഗോഡ് റാണീപുരം വനത്തില്‍ കള്ളത്തോക്ക് ഉപയോഗിച്ച് നായാട്ട് നടത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വനംവകുപ്പ്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി വനംവകുപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമെന്ന് അധികൃതര്‍.
റാണിപുരം വനത്തില്‍ കള്ളത്തോക്ക് ഉപയോഗിച്ച് നായാട്ട് നടത്തിയ കുണ്ടുപ്പിള്ളി ജോസിനും കൂട്ടാളികള്‍ക്കുമാണ് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് അഞ്ചംഗ നായാട്ട് സംഘത്തെ പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇവരില്‍ നിന്ന് തോക്കും, തിരകളും കര്‍ണാടക രജിസ്‌ട്രേഷനുള്ള ജീപ്പും, രണ്ട് ടോര്‍ച്ചുകളും കണ്ടെടുത്തു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച കോടതി നടപടി ചരിത്രത്തില്‍ ആദ്യമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതോടെ കള്ളത്തോക്ക് വിഷയത്തിലെ പൊലീസിന്റെ അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. പ്രതികള്‍ പുറത്തിറങ്ങുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിക്കുമെന്നും അന്വേഷണസംഘം പറയുന്നു.
മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് നായാട്ട് സംഘങ്ങള്‍ വിലസുന്ന സാഹചര്യത്തില്‍ ജാമ്യം ലഭിച്ചത് ഗൗരവതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.